ജോസ് ടോമിന് 48 ശതമാനം വോട്ട് പ്രവചിച്ച ഏഷ്യാനെറ്റ് എക്‌സിറ്റ് പോളിന് ട്രോള്‍; പാലായ്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മാണി സി കാപ്പന്‍

48 ശതമാനം വോട്ടുകള് നേടി യുഡിഎഫ് സ്ഥാനാര്ത്ഥി ജോസ് ടോം വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസും എ ഇസഡ് റിസര്ച്ച് പാര്ട്ണേഴ്സും ചേര്ന്ന് നടത്തിയ എക്സിറ്റ് പോള് പ്രവചിച്ചത്.
 | 
ജോസ് ടോമിന് 48 ശതമാനം വോട്ട് പ്രവചിച്ച ഏഷ്യാനെറ്റ് എക്‌സിറ്റ് പോളിന് ട്രോള്‍; പാലായ്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മാണി സി കാപ്പന്‍

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോം വിജയിക്കുമെന്ന് പ്രഖ്യാപിച്ച ഏഷ്യനെറ്റ് ന്യൂസ് എക്‌സിറ്റ് പോളിനെതിരെ ട്രോള്‍ പ്രളയം. 48 ശതമാനം വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസും എ ഇസഡ് റിസര്‍ച്ച് പാര്‍ട്ണേഴ്സും ചേര്‍ന്ന് നടത്തിയ എക്സിറ്റ് പോള്‍ പ്രവചിച്ചത്. എല്‍ഡിഎഫിന് 32 ശതമാനം വോട്ടുകള്‍ നേടാനേ സാധിക്കൂവെന്നും. ബിജെപി 19 ശതമാനവും മറ്റുള്ളവര്‍ ഒരു ശതമാനവും വോട്ടുകള്‍ നേടുമെന്നും സര്‍വ്വേ പ്രവചിച്ചിരുന്നു. എന്നാല്‍ ഫലം എക്‌സിറ്റ് പോളിന് ഏഴ് അയലത്ത് പോലും എത്തിയില്ല.

40.01 ശതമാനം വോട്ടുകള്‍ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. വിജയിച്ച സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് 42.32 ശതമാനം വോട്ടുകളും ലഭിച്ചു. ബി.ജെ.പിക്ക് 14.10ശതമാനം വോട്ടുകളും നേടി. ജോസ് ടോം 51194 വോട്ടുകള്‍ നേടിയപ്പോള്‍ മാണി സി കാപ്പന്‍ 54137 വോട്ടുകള്‍ നേടി. ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍. ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പാലയില്‍ 2016-നെക്കാളും വികച്ച വിജയം യു.ഡി.എഫ് കരസ്ഥമാക്കുമെന്നും വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുമെന്നും എക്സിറ്റ്പോളില്‍ പറഞ്ഞിരുന്നെങ്കിലും വിപരീത ഫലമുണ്ടായതോടെ ഏഷ്യനെറ്റിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

ഇത്തവണ പാലായില്‍ 71 ശതമാനത്തിലേറെ വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചിരുന്നു. പാലായ്ക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്നായിരുന്നു മാണി സി കാപ്പന്‍ തന്റെ വിജയത്തെക്കുറിച്ച് പ്രതികരിച്ചത്. ഏഷ്യാനെറ്റ് എക്‌സിറ്റ് പോള്‍ ഫലം നേരത്തെയും വിമര്‍ശിക്കപ്പെട്ടിരുന്നു. പാലായില്‍ യു.ഡി.എഫ് അനുകൂല തരംഗമുണ്ടാക്കാന്‍ ഏഷ്യീനെറ്റ് ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം.