പമ്പ ഡാം തുറക്കുന്നു; പമ്പാ നദിയുടെയും കക്കാട്ടാറിന്റെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

പമ്പ ഡാമിലെ ജലനിരപ്പ് പൂര്ണ്ണ സംഭരണശേഷിയോട് അടുക്കുന്നതിനാല് ഷട്ടറുകള് തുറക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്.
 | 
പമ്പ ഡാം തുറക്കുന്നു; പമ്പാ നദിയുടെയും കക്കാട്ടാറിന്റെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

പമ്പ ഡാമിലെ ജലനിരപ്പ് പൂര്‍ണ്ണ സംഭരണശേഷിയോട് അടുക്കുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. പമ്പാ നദി കക്കാട്ടാര്‍ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഡാം തുറന്നാല്‍ 5 മണിക്കൂറിനുള്ളില്‍ വെള്ളം റാന്നിയില്‍ എത്തും. റാന്നി, കോഴഞ്ചേരി, ആറന്മുള, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ക്യുബിക് മീറ്റര്‍ ജലമാണ് തുറന്നു വിടുക. ഇത്രയും ജലം ഒന്‍പത് മണിക്കൂര്‍ തുറന്നു വിടുന്നതിലൂടെ ഡാം ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവല്‍ ആയ 982 മീറ്ററില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു. ഈ സമയത്ത് പമ്പയിലെ ജലനിരപ്പ് 40 സെന്റീമീറ്റര്‍ ഉയരും.

പമ്പ ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലത്തെ റീഡിംഗ് പ്രകാരം 983.45 മീറ്ററില്‍ സ്ഥിരമായി നില്‍ക്കുകയാണ്. പമ്പാ ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി നില്‍ക്കാന്‍ കാരണം പമ്പ റിസര്‍വോയറിനെയും കക്കി റിസര്‍വോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതാണ്. ഇത്തരത്തില്‍ പമ്പയില്‍ നിന്ന് കക്കിയിലേക്ക് പുറംതള്ളുന്നത് സെക്കന്‍ഡില്‍ 70 ക്യൂബിക് മീറ്റര്‍ വെള്ളമാണ്. ഡാമിലെ വൃഷ്ടിപ്രദേശത്ത് നിന്നും ലഭിക്കുന്നത് 70 ക്യൂബിക് മീറ്റര്‍ വെള്ളമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.