സുപ്രീം കോടതി വിധിക്കെതിരെ ഒരു കൊടിയുടെ കീഴിലും സമരത്തിനില്ലെന്ന് പന്തളം രാജകുടുംബം; സംഘപരിവാര്‍ നീക്കത്തിന് തിരിച്ചടി

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന സമരങ്ങളില് പങ്കെടുക്കില്ലെന്ന് പന്തളം രാജ കുടുംബം. കുടുംബാംഗവും ട്രസ്റ്റിന്റെ പ്രസിഡന്റുമായ ശശികുമാര വര്മ്മയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങള് ഒരു കൊടിയുടെ കീഴിലും സമരത്തിന് പോകില്ലെന്നും അപ്രകാരം പോയാല് തങ്ങള് ആ കൊടിയുടെ കീഴിലായിപ്പോകുമെന്നും ശശികുമാര വര്മ പറഞ്ഞു.
 | 

സുപ്രീം കോടതി വിധിക്കെതിരെ ഒരു കൊടിയുടെ കീഴിലും സമരത്തിനില്ലെന്ന് പന്തളം രാജകുടുംബം; സംഘപരിവാര്‍ നീക്കത്തിന് തിരിച്ചടി

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന സമരങ്ങളില്‍ പങ്കെടുക്കില്ലെന്ന് പന്തളം രാജ കുടുംബം. കുടുംബാംഗവും ട്രസ്റ്റിന്റെ പ്രസിഡന്റുമായ ശശികുമാര വര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങള്‍ ഒരു കൊടിയുടെ കീഴിലും സമരത്തിന് പോകില്ലെന്നും അപ്രകാരം പോയാല്‍ തങ്ങള്‍ ആ കൊടിയുടെ കീഴിലായിപ്പോകുമെന്നും ശശികുമാര വര്‍മ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനം ഒരു യുദ്ധക്കളമാക്കാതെ അത് ഭംഗിയായി നീക്കണമെന്നുളളതാണ് ആഗ്രഹം. സമരങ്ങളില്‍ ഞങ്ങളാരും പങ്കെടുക്കില്ല. കാരണം കൊടിയുടെ കീഴില്‍ പോയാല്‍ പിന്നെ ഞങ്ങള്‍ പന്തളം കൊട്ടാരമല്ല, ആ കൊടിയുടെ കീഴിലായി പോകും. നമുക്ക് എല്ലാം രാഷ്ട്രീയവും കാര്യങ്ങളുമൊക്കെയുണ്ട്. അതിന്റെ കൂട്ടത്തില്‍ പോകുകയും ചെയ്യും. പക്ഷേ ഇതുപോലുളള കാര്യങ്ങളില്‍ ഞങ്ങള്‍ കൊടിയുടെ കീഴെ പോകുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് വൈകി വന്ന വിവേകത്തില്‍ സന്തോഷമുണ്ട്. സ്വാഗതാര്‍ഹമായ നീക്കമാണ് ഇന്നലെ നടത്തിയത്.ശബരിമലയില്‍ വരുന്ന അയ്യപ്പന്‍മാര്‍ക്ക് ഒരു ഭീഷണിയുണ്ടാക്കുന്ന പോലെ പതിനെട്ടാം പടിയില്‍ പൊലീസ് നില്‍ക്കും, വരുന്നവരെയൊക്കെ കൈകാര്യം ചെയ്യുമെന്നൊക്കെയുളള ഭീഷണിയുടെ വര്‍ത്തമാനങ്ങള്‍ എല്ലാം മാറിയെന്നുളളത് ഭയങ്കര സന്തോഷമാണ്. കാരണം ഇതൊരു നല്ല വഴിയിലേക്ക് നീങ്ങുന്നുവെന്ന തോന്നലുണ്ടെന്നും വര്‍മ പറഞ്ഞു.

കെപിഎംഎസും എസ്എന്‍ഡിപി യോഗവും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന സമരങ്ങളെ പിന്തുണക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ പന്തളം രാജകുടുംബം റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്. പീപ്പിള്‍സ് ഫോര്‍ ധര്‍മക്കൊപ്പമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്‍എസ്എസും റിവ്യൂ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ പന്തളം രാജകുടുംബത്തെയും തന്ത്രി കുടുംബത്തെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും റിവ്യൂ ഹര്‍ജിയില്‍ തീരുമാനമായ ശേഷം ചര്‍ച്ചയാകാം എന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്.