യു.എ.പി.എ കേസ്; അലനെയും താഹയെയും എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു

നേരത്തെ ഇരുവരെയും ഒരാഴ്ച്ചത്തേക്ക് കസ്റ്റഡിയില് വേണമെന്നായിരുന്നു എന്.ഐ.എ കോടതിയോട് ആവശ്യപ്പെട്ടത്.
 | 
യു.എ.പി.എ കേസ്; അലനെയും താഹയെയും എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും ഒരു ദിവസത്തേക്കാണ് എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതി കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്. നാളെ കോടതിയില്‍ ഹാജരാക്കണം. നേരത്തെ ഇരുവരെയും ഒരാഴ്ച്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍.ഐ.എ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.

ഇന്ന് രാവിലെ ഇരുവരുടെയും വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടലിനെ ചെന്നിത്തല രൂക്ഷമായി ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. വിഷയത്തില്‍ പ്രതിപക്ഷം ഇടപെടുമെന്നാണ് സൂചന.

‘സാധാരണ ഗതിയില്‍ യുഎപിഎ ചുമത്തുന്നതിന് ചില നിബന്ധനകളുണ്ട്. ചില നിയമങ്ങളുടെ അടിസ്ഥാനത്തിലാവണം. അത്തരത്തിലുള്ള കാര്യങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രഥമ ദൃഷ്ട്യാ തോന്നുന്ന കാര്യം. ഇവര്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ അടിസ്ഥാനമെന്താണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തിന് തെളിവുകള്‍ പുറത്തുവിടാത്തത്’, ചെന്നിത്തല ചോദിച്ചു.