ചെന്നൈ ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപകനെതിരെ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍

ചെന്നൈ ഐഐടിയില് മലയാളി വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില് അധ്യാപകനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്.
 | 
ചെന്നൈ ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപകനെതിരെ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍

ചെന്നൈ: ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍. കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് മരിച്ചത് അധ്യാപകരുടെ മാനസിക പീഡനം മൂലമാണെന്ന് മാതാപിതാക്കള്‍ പരാതിപ്പെടുന്നു. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ ഫിലോസഫി അധ്യാപകന്‍ സുദര്‍ശന്‍ പദ്മനാഭനാണ് തന്റെ മരണത്തിന് കാരണമെന്ന് ഫാത്തിമ കുറിച്ചിരുന്നു. സംഭവത്തില്‍ ഫാത്തിമയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

നവംബര്‍ 9നാണ് ഫാത്തിമയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വിവരം അറിഞ്ഞ് കൊല്ലം മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെന്നൈയില്‍ എത്തിയെങ്കിലും ഐഐടി അധികൃതര്‍ സഹകരിച്ചില്ലെന്നാണ് വിവരം. അധ്യാപകരും വിദ്യാര്‍ത്ഥികളും പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഐഐടി പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ ഫാത്തിമ അധ്യാപകരില്‍ നിന്ന് വര്‍ഗ്ഗീയമായി വിവേചനം നേരിട്ടിരുന്നുവെന്ന് പിതാവ് അബ്ദുള്‍ ലത്തീഫ് പറഞ്ഞുവെന്ന് മക്ത്ൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ തന്നെ അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പല തവണ ഫാത്തിമ പറഞ്ഞിട്ടുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ചെന്നൈ ഐഐടിയില്‍ 6 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. അതിന് മുന്‍പ് രണ്ട് വര്‍ഷങ്ങളിലായി 7 വിദ്യാര്‍ത്ഥികള്‍ മരിച്ചിട്ടുണ്ടെന്നും അധ്യാപകരുടെ മാനസിക പീഡനമാണ് ഇതിന് കാരണമെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് തമിഴ്‌നാട് പോലീസ് സ്വീകരിക്കുന്നതെന്നും കുടുംബം കുറ്റപ്പെടുത്തുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍.