ഇടുക്കിയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് പാര്‍ട്ടിയും ബെല്ലി ഡാന്‍സും; പോലീസ് കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ച് നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് പാര്ട്ടിയും ബെല്ലി ഡാന്സും സംഘടിപ്പിച്ച സംഭവത്തില് പോലീസ് കേസെടുത്തു
 | 
ഇടുക്കിയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് പാര്‍ട്ടിയും ബെല്ലി ഡാന്‍സും; പോലീസ് കേസെടുത്തു

ഇടുക്കി: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് പാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇടുക്കി രാജാപ്പാറയിലുള്ള റിസോര്‍ട്ടിലാണ് പാര്‍ട്ടി നടന്നത്. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യനെതിരെയാണ് കേസെടുത്തത്. ചതുരംഗപ്പാറയില്‍ ആരംഭിച്ച വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് ജൂണ്‍ 28 ഞായറാഴ്ച മദ്യസല്‍ക്കാരം ഉള്‍പ്പെടെ നിശാ പാര്‍ട്ടി നടത്തിയത്.

ഡിജെ പാര്‍ട്ടിയും ബെല്ലി ഡാന്‍സും ഉള്‍പ്പെടുന്ന പരിപാടി രാത്രി 8 മണിക്ക് ആരംഭിച്ച് ആറ് മണിക്കൂറോളം നീണ്ടു. സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളും മതമേലധ്യക്ഷന്‍മാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് വിവരം. പരിപാടിയില്‍ ഒരേസമയം 60 മുതല്‍ 100 പേര്‍ വരെ പങ്കെടുത്തു. ബെല്ലി ഡാന്‍സ് നര്‍ത്തകിയെ സംസ്ഥാനത്തിന് പുറത്തു നിന്നാണ് എത്തിച്ചത്.

പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് വിവരം പുറത്തായത്. എങ്കിലും പോലീസ് കേസെടുക്കാന്‍ വൈകിയതായി പരാതിയുണ്ട്.