താരസംഘടനയ്‌ക്കെതിരെ ഗൂഢാലോചനയും അജണ്ടയുമില്ല; പ്രതികരണവുമായി പാര്‍വതി

വിമണ് ഇന് സിനിമ കളക്ടീവ് താരസംഘടയ്ക്കെതിരെ ഉന്നയിച്ച വിമര്ശനങ്ങള് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന നടന് സിദ്ദിഖിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാര്വതി. നീതിക്ക് വേണ്ടിയും സുരക്ഷിതമായ തൊഴിലിടത്തിനും വേണ്ടിയാണ് താരസംഘടനയുമായി ചര്ച്ച ആരംഭിച്ചത്. അതിനെ ഗൂഢാലോചന ആണെന്നും അജണ്ടയാണെന്നും പറയുന്നതില് വളരെ സങ്കടമുണ്ടെന്നും പാര്വതി പറഞ്ഞു.
 | 

താരസംഘടനയ്‌ക്കെതിരെ ഗൂഢാലോചനയും അജണ്ടയുമില്ല; പ്രതികരണവുമായി പാര്‍വതി

കൊച്ചി: വിമണ്‍ ഇന്‍ സിനിമ കളക്ടീവ് താരസംഘടയ്‌ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന നടന്‍ സിദ്ദിഖിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാര്‍വതി. നീതിക്ക് വേണ്ടിയും സുരക്ഷിതമായ തൊഴിലിടത്തിനും വേണ്ടിയാണ് താരസംഘടനയുമായി ചര്‍ച്ച ആരംഭിച്ചത്. അതിനെ ഗൂഢാലോചന ആണെന്നും അജണ്ടയാണെന്നും പറയുന്നതില്‍ വളരെ സങ്കടമുണ്ടെന്നും പാര്‍വതി പറഞ്ഞു.

ദിലീപിനെ പുറത്താക്കിക്കൊണ്ട് എക്സിക്യൂട്ടീവ് എടുത്ത തീരുമാനമാണ് ജനറല്‍ ബോഡി മരവിപ്പിച്ചത്. ആ മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. എന്നാല്‍ ജനറല്‍ ബോഡി തീരുമാനം എടുത്താല്‍ അത് മരവിപ്പിക്കാന്‍ എക്സിക്യൂട്ടീവിനാവില്ലെന്ന് സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജഗദീഷ് പുറത്തുവിട്ട പത്രക്കുറിപ്പാണോ അല്ലെങ്കില്‍ സിദ്ദിഖിന്റെയും കെ.പി.എ.സി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനമാണോ എ.എം.എം.എയുടെ ഔദ്യോഗിക പ്രതികരണമെന്ന് വ്യക്തമാക്കണമെന്നും പാര്‍വതി ആവശ്യപ്പെട്ടു.

ഏറ്റവും അസഹനീയമായ കാര്യം ഇവര്‍ രണ്ടു പേരും ഇങ്ങനെയൊരു സംഭവം നമ്മുടെ സിനിമാ മേഖലയില്‍ നടക്കുന്നേ ഇല്ലെന്ന് വീണ്ടും വീണ്ടും പറയുന്നു. ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് ഇതിന് മുന്‍പും വന്നിട്ടുണ്ടായിരുന്നു. നമ്മുടെ സുഹൃത്തിന് ഇങ്ങനെ വലിയൊരു സംഭവം നടന്നതിന് ശേഷവും അങ്ങനെയൊന്ന് ഇവിടെ ഇല്ലെന്നാണ് സിദ്ദിഖ് സാര്‍ പറയുന്നത്. കെ.പി.എ.സി ലളിത ചേച്ചി പറയുന്നത് മറ്റുള്ള തൊഴിലിടങ്ങളിലെ പോലെയൊക്കെ തന്നെയേ ഉള്ളൂ, ഇത് ഇവിടെ മാത്രം അല്ലല്ലോ എന്നാണ്. അതിനെ തീര്‍ത്തും നിസാരവത്കരിക്കുകയാണ് ചെയ്യുന്നതെന്നും പാര്‍വതി പറഞ്ഞു.

രാജി വെച്ച് പോയവര്‍ക്ക് വേണമെങ്കില്‍ മാപ്പ് പറഞ്ഞ് അകത്ത് കയറാം. ഇങ്ങനെ എല്ലാവരോടും ബഹളം വെച്ച് അനാവശ്യ വിവാദമുണ്ടാക്കേണ്ട ആവശ്യമില്ലായിരുന്നു. എല്ലാവരും എന്തെങ്കിലും കിട്ടാന്‍ വേണ്ടി കാത്ത് നില്‍ക്കുകയാണ്. അവര്‍ക്ക് കൈകൊട്ടി ചിരിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കരുതെന്നും വാര്‍ത്താസമ്മേളനത്തില്‍ ലളിത പറഞ്ഞിരുന്നു.