പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം റദ്ദാക്കി

പോള് മുത്തൂറ്റ് വധക്കേസില് എട്ട് പ്രതികളുടെ ജീവപര്യന്തം റദ്ദാക്കി.
 | 
പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം റദ്ദാക്കി

കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം റദ്ദാക്കി. തിരുവനന്തപുരം സിബിഐ കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതിയാണ് ശിക്ഷ റദ്ദാക്കിയത്. രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷയാണ് റദ്ദാക്കിയത്. കാരി സതീഷ് അപ്പീല്‍ നല്‍കിയിരുന്നില്ല.

ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നു മുതല്‍ പ്രതികളായ സത്താര്‍, സുജിത്, ആകാശ് ശശിധരന്‍, സതീഷ് കുമാര്‍, രാജീവ് കുമാര്‍, ഷിനോ പോള്‍, ഫൈസല്‍ എന്നിവരാണ് ശിക്ഷ ഒഴിവാക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ചത്. 2015ലാണ് സിബിഐ കോടതി ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസില്‍ 13 പ്രതികളായിരുന്നു ഉണ്ടായിരുന്നത്.

ഇവരില്‍ ഒന്‍പത് പേര്‍ക്ക് ജീവപര്യന്തവും 55,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. നാല് പേര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും 5000 പിഴയുമാണ് ശിക്ഷിച്ചത്. 2009 ഓഗസ്റ്റ് 21നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താനുള്ള യാത്രയിലായിരുന്നു.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പോള്‍ എം. ജോര്‍ജിന്റെ ഫോര്‍ഡ് എന്‍ഡവര്‍ ഒരു ബൈക്കില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോകുന്നത് കണ്ട ക്വട്ടേഷന്‍ സംഘം തങ്ങളുടെ ട്രാവലറില്‍ പിന്തുടരുകയും നെടുമുടിക്ക് സമീപം പോള്‍ മുത്തൂറ്റുമായി സംഘം തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടയില്‍ കാരി സതീഷ് പോളിനെ കുത്തി എന്നാണ് കേസ്.

പരിക്കേറ്റ പോള്‍ ജോര്‍ജിനെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഗുണ്ടകളായ പുത്തന്‍പാലം രാജേഷ്, ഓംപ്രകാശ് എന്നിവരും കേസില്‍ പ്രതികളായി. നെടുമുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 25 പേരായിരുന്നു പ്രതികള്‍. 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. കേസിലെ വിവാദമായ എസ് ആകൃതിയിലുള്ള കത്തിയും കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു.