ശബരിമലയെ അക്രമികളുടെ കേന്ദ്രമാക്കി മാറ്റാമെന്ന് വ്യാമോഹിക്കണ്ട; ആര്‍.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

ശബരിമല പ്രതിഷേധങ്ങള് കലാപം ലക്ഷ്യമിട്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിഷേധകര് മാധ്യമ പ്രവര്ത്തകരെയും ഭക്തരെയും ആക്രമിച്ച നടപടി അനുവദിക്കാനാവില്ലെന്നും പിണറായി വ്യക്തമാക്കി. ശബരിമലയില് നടന്ന ആക്രമണങ്ങളുടെ പിന്നണിയില് പ്രവര്ത്തിച്ചത് ആര്എസ്എസ് ആണെന്നും പിണറായി വ്യക്തമാക്കിയിട്ടുണ്ട്.
 | 

ശബരിമലയെ അക്രമികളുടെ കേന്ദ്രമാക്കി മാറ്റാമെന്ന് വ്യാമോഹിക്കണ്ട; ആര്‍.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല പ്രതിഷേധങ്ങള്‍ കലാപം ലക്ഷ്യമിട്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധകര്‍ മാധ്യമ പ്രവര്‍ത്തകരെയും ഭക്തരെയും ആക്രമിച്ച നടപടി അനുവദിക്കാനാവില്ലെന്നും പിണറായി വ്യക്തമാക്കി. ശബരിമലയില്‍ നടന്ന ആക്രമണങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത് ആര്‍എസ്എസ് ആണെന്നും പിണറായി വ്യക്തമാക്കിയിട്ടുണ്ട്.

വനിതകള്‍ക്കുനേരെ തെറിയഭിഷേകവും അക്രമവും സംഘപരിവാറിന്റെ ഭാഗത്തുനിന്നുണ്ടായി. അവരുടെ വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ഒരേസമയത്താണ് ഇത് നടക്കുന്നത്. ഇവിടെ വന്ന സ്ത്രീകളെ അയ്യപ്പ ഭക്തന്മാരാണ് തടഞ്ഞതെന്ന സംഘപരിവാര്‍ അവകാശവാദം തെറ്റാണെന്ന് ഇക്കാര്യം പരിശോധിച്ചാല്‍ വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇത് അയ്യപ്പഭക്തരല്ല, സംഘപരിവാര്‍ നടത്തിയ ആക്രമണങ്ങളായിരുന്നുവെന്നും പിണറായി ചൂണ്ടിക്കാണിച്ചു.

ശബരിമലയെ അക്രമികളുടെ കേന്ദ്രമാക്കി മാറ്റാമെന്ന് വ്യാമോഹിക്കേണ്ടതില്ല. ശബരിമല സന്നിധാനത്തെ ശാന്തിയും സമാധാനവും ശരിയായ രീതിയില്‍ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. അതിനുവേണ്ടത് ക്രിമിനലുകള്‍ അവിടെ കേന്ദ്രീകരിക്കാന്‍ പാടില്ലയെന്നതാണ്. ഒരു സംശവും വേണ്ട അവിടെ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ക്രിമിനലുകളെ അവിടെ നിന്ന് പുറത്താക്കുകയും വിശ്വാസികള്‍ക്ക് കടന്നു ചെല്ലാനുള്ള സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. ആ ബാധ്യത സര്‍ക്കാര്‍ നിര്‍വഹിക്കുകുയം ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പറഞ്ഞത്:

ശബരിമലയുടെ നട തുറക്കുന്നതിനു മുമ്പ് തന്നെ ശബരിമലയെ ഒരു കലാപഭൂമിയാക്കിമാറ്റാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തിയത്. അതിനായി ഗൂഢ പദ്ധതി തന്നെ സംഘപരിവാര്‍ തയ്യാറാക്കിയത് കാണാം. ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരോ പൊലീസോ ഒരു വിശ്വാസിയേയും തടയുന്നതിനോ എതിര്‍ക്കുന്നതിനോ തയ്യാറായിരുന്നില്ല. മാത്രമല്ല നിങ്ങളെല്ലാം കണ്ടതാണ് അവിടെ പ്രതിഷേധത്തിന്റെ പേരില്‍ പന്തലുകെട്ടി സമരം നടത്താന്‍ തയ്യാറായത്. ഇങ്ങനെ പ്രതിഷേധമുള്ളവര്‍ പന്തലുകെട്ടി സമരം നടത്തുമ്പോള്‍ അതിനും സര്‍ക്കാര്‍ എതിരുനിന്നിരുന്നില്ല. പക്ഷേ പന്തലുകെട്ടുകയും അവിടെയിരിക്കുകയും മാത്രമല്ല, ആ സമരത്തിന് പുതിയ രീതികളുണ്ടായി. അവരുതന്നെ ശബരിമലയിലേക്ക് എത്തുന്ന ഭക്തരെ പരിശോധിക്കുന്ന രീതിയുണ്ടായി. ഇവരുടെ പരിശോധന കടന്നുമാത്രമേ ശബരിമലയിലേക്ക് ആളെവിടുള്ളൂ എന്ന അവസ്ഥയുണ്ടായി. മാത്രമല്ല കുറേ ഭക്തകള്‍ക്കുനേരെ ആക്രമണമുണ്ടായി. സുപ്രീം കോടതി വിധിയനുസരിച്ച് ശബരിമല ദര്‍ശനത്തിനുവന്ന ചില യുവതികള്‍ക്കുനേരെ ആക്രമണം നടത്തുകയുണ്ടായി. ശബരിമലയിലേക്കു പോകുന്ന സാധാരണ ഭക്തര്‍ക്കും തടസം സൃഷ്ടിക്കുന്ന നിലയുണ്ടായി.

യുവതികള്‍ക്കും ഭക്തര്‍ക്കുമെതിരെ മാത്രമല്ല ആക്രമണം നടന്നത്, മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും വലിയ തോതിലുള്ള ആക്രമണമുണ്ടായി. അതായത് കേരളത്തിന്റെ ചരിത്രത്തില്‍ ഇതേവരെ ഉണ്ടായിട്ടില്ലാത്ത ഒരു പുതിയ രീതി ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായി. തങ്ങള്‍ പറയുന്നതുപോലെയല്ല റിപ്പോര്‍ട്ടു ചെയ്യുന്നതെങ്കില്‍ അക്രമിക്കും എന്ന നിലപാട് പരസ്യമായി പ്രകടിപ്പിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളും എല്ലാവരും കണ്ടതാണ്. അവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ റിപ്പോര്‍ട്ടര്‍മാര്‍ക്കുനേരെ സംഘപ്രവര്‍ത്തകര്‍ ചീറിയടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ വേണ്ടി ഓടിയടുക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അക്രമമുഖം ദൃശ്യങ്ങളിലൂടെ ജനങ്ങളെല്ലാം കണ്ടതാണ്. അയ്യപ്പ ഭക്തര്‍ ശബരിമലയിലേക്ക് കടന്നുചെല്ലുന്നതിന് എതിരായി മാത്രമല്ല, രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ മര്യാദകളേയും ലംഘിച്ചുകൊണ്ട് നിയമം കയ്യിലെടുക്കുകയാണ് സംഘപരിവാര്‍ ചെയ്തത്.

ഇത്തരമൊരു ഘട്ടത്തില്‍ അയ്യപ്പ ഭക്തര്‍ക്ക് ശബരിമലയില്‍ എത്തുന്നതിന് സുരക്ഷയൊരുക്കല്‍ പൊലീസിന്റെ ഉത്തരവാദിത്തമായി മാറി. അങ്ങനെയാണ് പൊലീസ് അയ്യപ്പ ഭക്തര്‍ക്ക് സുരക്ഷയൊരുക്കുമെന്ന നിലപാട് സ്വീകരിച്ചത്. ശബരിമലയില്‍ എത്തിയവര്‍ക്കുനേരെ വലിയ ആക്രമണമാണ് ഈ അക്രമികളുടെ ഭാഗത്തുനിന്നുണ്ടായത്. കല്ലേറുണ്ടായി, വലിയ തോതില്‍ മാനസിക പീഡനം വനിതകള്‍ക്ക് ഏറ്റുവാങ്ങേണ്ട സ്ഥിതിയുണ്ടായി.

അക്കാര്യത്തില്‍ ഒരു പ്രശ്നം പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതാണ്. അവിടെ വന്ന വനിതകള്‍ക്കുനേരെ തെറിയഭിഷേകവും ആക്രമവും സംഘപരിവാറിന്റെ ഭാഗത്തുനിന്നുണ്ടായി. അതേസമയം തന്നെ അവരുടെ വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായി. ഒരേസമയത്താണ് ഇത് നടക്കുന്നത്. ഇവിടെ വന്ന സ്ത്രീകളെ സ്ത്രീകളെ അയ്യപ്പ ഭക്തന്മാര് തടഞ്ഞതെന്ന സംഘപരിവാര്‍ അവകാശവാദം തെറ്റാണെന്ന് ഇക്കാര്യം പരിശോധിച്ചാല്‍ വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇത് അയ്യപ്പഭക്തരല്ല, സംഘപരിവാര്‍ നടത്തിയ കാര്യമാണ്. ശബരിമലയില്‍ ആ സ്ത്രീകള്‍ നില്‍ക്കുമ്പോള്‍ തന്നെ അവരുടെ വീടുകള്‍ക്കുനേരെ ആക്രമണം നടക്കുന്നതിന് ഒരു ഗൂഢപദ്ധതി തയ്യാറാക്കപ്പെട്ടു. ഇത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു ഗൂഢാലോചന ഇതിന്റെ പിന്നില്‍ കാണാന്‍ കഴിയും. ശബരിമലയില്‍ എത്തുന്ന സ്ത്രീകളുടെ വിവരങ്ങള്‍ നേരത്തെ ശേഖരിക്കുകയും കേരളത്തിലെവിടെയാണെങ്കിലും അവരുടെ വീടിനുനേരെ ആക്രമണങ്ങള്‍ നടത്താനുള്ള പദ്ധതി മുന്‍കൂട്ടി തയ്യാറാക്കിയിരുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാക്കുന്നത്.

മറ്റു സ്ഥലങ്ങളിലെ സംഘങ്ങള്‍ക്ക് സ്ത്രീകളുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ അറിയിക്കാന്‍ ആ സമയം തന്നെ വിവരങ്ങള്‍ അറിയിച്ചുകൊടുക്കാന്‍ പദ്ധതി ഉണ്ടായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ചില വോയിസ് മെസേജുകള്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇരുമുടി കെട്ടുപോലെ എന്തെങ്കിലുമെടുത്ത് കറുത്ത വസ്ത്രം ധരിച്ച് അയ്യപ്പ ഭക്തരാണെന്ന് തോന്നിക്കുന്ന തരത്തില്‍ ശബരിമലയിലേക്ക് വരാന്‍ സംഘപരിവാര്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കുന്ന സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇതിന്റെയെല്ലാം പിന്നില്‍ ആസൂത്രിതമായി ഒരു നീക്കം സംഘപരിവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇതിനെല്ലാം ആര്‍.എസ്.എസ് ഫലപ്രദമായി നേതൃത്വം കൊടുക്കാനുമാണ് ശ്രമിക്കുന്നത്. അപ്പോള്‍ അവരുടെ ഉദ്ദേശം ശബരിമലയെ ഒരു അരാധനാ സ്ഥലം എന്ന നിലയില്‍ നിന്നും മാറ്റി ഒരു സംഘര്‍ഷഭൂമിയാക്കുകയെന്നതായിരുന്നു. ഭക്തിയുടെ പേരുപറഞ്ഞ് അക്രമികളെ കേന്ദ്രീകരിച്ച് സംഘപരിവാര്‍ അക്രമം കാണിക്കുന്ന നിലയാണ് ഇവിടെയുണ്ടായിട്ടുള്ളത്.

അക്രമികളുടെ കേന്ദ്രമാക്കി ശബരിമലയെ മാറ്റാന്‍ പറ്റില്ല. അങ്ങനെ ഏതെങ്കിലും ശക്തി വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അവരോട് പറയാനുള്ളത് ശബരിമലയെ അക്രമികളുടെ കേന്ദ്രമാക്കി മാറ്റാമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നാണ്. ഇപ്പോള്‍ ശബരിമല സന്നിധാനം അവിടുത്തെ ശാന്തിയും സമാധാനവും ശരിയായ രീതിയില്‍ തിരിച്ചുകൊണ്ടുവലരേണ്ടതുണ്ട്. അതിനുവേണ്ടത് ക്രിമിനലുകള്‍ അവിടെ കേന്ദ്രീകരിക്കാന്‍ പാടില്ലയെന്നതാണ്. ഒരു സംശവും വേണ്ട അവിടെ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ക്രിമിനലുകളെ അവിടെ നിന്ന് പുറത്താക്കുകയും വിശ്വാസികള്‍ക്ക് കടന്നുചെല്ലാനുള്ള സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. ആ ബാധ്യത സര്‍ക്കാര്‍ നിര്‍വഹിക്കുകുയം ചെയ്യും

പത്തുമുതല്‍ അമ്പതു വരെ പ്രായമുള്ള വനിതകളെ തടയുമെന്നാണ് ഇവര്‍ പ്രഖ്യാപിച്ചത്. ഈ പറഞ്ഞ പ്രായത്തിന് അപ്പുറവും ഇപ്പുറവുമുള്ള ആളുകളെ തടഞ്ഞുനിര്‍ത്തുന്ന സാഹചര്യമുണ്ടായി. ഭക്തകളായിരുന്ന അവരെല്ലാം കണ്ണീരോടെ സന്നിധാനം വിടുന്ന കാഴ്ചയും നമുക്ക് കാണേണ്ടിവന്നു. 50 വയസു കഴിഞ്ഞവര്‍ക്ക് നടപ്പന്തലില്‍വെച്ചുണ്ടായ കയ്യേറ്റത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തേണ്ടിവന്നു. ആന്ധ്ര, തമിഴ്നാട് തുടങ്ങിയ ഇടത്തുനിന്നും വന്ന ഭക്തര്‍ക്കാണ് ഇത്തരമൊരു അവസ്ഥമുണ്ട്. ഇത്തരം അതിക്രമങ്ങള്‍ അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ സര്‍ക്കാറിന് കഴിയില്ല.

സുപ്രീം കോടതി വിധി എന്തായാലും സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നുള്ളതാണ് സര്‍ക്കാര്‍ തീരുമാനം. അത് കോടതിക്കു മുമ്പാകെ സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് സര്‍ക്കാറിന്റെ ഒരു പ്രത്യേക നിലപാടല്ല. ഏത് സര്‍ക്കാറായാലും സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. അതുതന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇവിടെ നിര്‍വഹിക്കുന്നത്.

ട്രാന്‍സ്‌ക്രിപ്ഷന്‍ കടപ്പാട്: ഡൂള്‍ ന്യൂസ്.