ബിഗ് ബോസ് ഷോയില്‍ കണ്ണില്‍ മുളക് തേച്ച സംഭവം; രജിത് കുമാറിനെ പ്രതിയാക്കി കേസെടുത്തു

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില് മത്സരാര്ത്ഥിയുടെ കണ്ണില് മുളകു തേച്ച സംഭവത്തില് പോലീസ് കേസെടുത്തു.
 | 
ബിഗ് ബോസ് ഷോയില്‍ കണ്ണില്‍ മുളക് തേച്ച സംഭവം; രജിത് കുമാറിനെ പ്രതിയാക്കി കേസെടുത്തു

കൊച്ചി: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളകു തേച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. രജിത് കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മത്സരാര്‍ത്ഥിയായിരുന്ന രേഷ്മ രാജന്റെ കണ്ണിലാണ് രജിത് മുളക് തേച്ചത്. രേഷ്മ നല്‍കിയ പരാതിയില്‍ നോര്‍ത്ത് പറവൂര്‍ പോലീസ് ആണ് കേസെടുത്തത്. ഷോയിലുണ്ടായ ശാരീരിക പീഡനത്തിനും അതിന് ശേഷം നടത്തി വരുന്ന മാനസിക പീഡനത്തിനുമാണ് രേഷ്മ പരാതി നല്‍കിയിരിക്കുന്നത്.

കണ്ണില്‍ മുളകു തേച്ച സംഭവത്തെ തുടര്‍ന്ന് രജിത് കുമാര്‍ ഷോയില്‍ നിന്ന് പുറത്തായിരുന്നു. പിന്നീട് കോവിഡ് പ്രോട്ടോക്കോള്‍ നിലവില്‍ വന്നതോടെ ബിഗ് ബോസ് ഷോ നിര്‍ത്തി വെക്കുകയായിരുന്നു. ഷോ അവസാനിച്ച ശേഷവും തന്റെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകള്‍ നടത്തുകയാണ് രജിത് കുമാര്‍ എന്നും അവയിലൂടെ വ്യക്തിപരമായി ആക്രമിക്കുകയാണെന്നും രേഷ്മ പരാതിയില്‍ പറയുന്നു. രജിത് കുമാറിന്റെ ആരാധകരില്‍ നിന്നും ആക്രമണങ്ങളുണ്ടായി.

സ്ത്രീയെന്ന നിലയില്‍ തന്റെ അഭിമാനത്തിന് മുറിവേല്‍പ്പിക്കുന്ന പെരുമാറ്റമാണ് രജിത് കുമാറില്‍ നിന്നുണ്ടാവുന്നത്. കരുതിക്കൂട്ടിയാണ് തന്റെ കണ്ണില്‍ മുളകു തേച്ചത്. കണ്ണിന് അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സമയത്തായിരുന്നു ഇത്. മുളകു തേച്ചതിനെ തുടര്‍ന്ന് കോര്‍ണിയയില്‍ മുറിവുണ്ടാവുകയും അത് കാഴ്ചശക്തിയെ പോലും ബാധിച്ചിട്ടുണ്ടെന്നും രേഷ്മ പരാതിയില്‍ പറയുന്നു.