ഡിസിസി നേതാവിന്റെ വീട്ടിലെ ഗുണ്ടാസംഗമം; അസ്വാഭാവികതയില്ലെന്ന് പോലീസ്

തിരുവനന്തപുരത്ത് കോണ്ഗ്രസ് നേതാവിന്റെ വീട്ടില് ഗുണ്ടകള് സംഗമിച്ച സംഭവത്തില് അസ്വാഭാവികതയില്ലെന്ന് പോലീസ്.
 | 
ഡിസിസി നേതാവിന്റെ വീട്ടിലെ ഗുണ്ടാസംഗമം; അസ്വാഭാവികതയില്ലെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഗുണ്ടകള്‍ സംഗമിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ്. ഡിസിസി സെക്രട്ടറി ചേന്തി അനിയുടെ വീട്ടിലാണ് ഗുണ്ടകള്‍ ഒത്തുചേര്‍ന്നത്. സെപ്റ്റംബര്‍ 1നായിരുന്നു സംഭവം. അനിയുടെ അമ്മയുടെ ചരമ വാര്‍ഷിക ദിനത്തിലാണ് ഇവര്‍ എത്തിയതെന്നും ഒരു മണിക്കൂര്‍ മാത്രമേ ഇവര്‍ ഇവിടെ ചെലവഴിച്ചതെന്നുമാണ് പോലീസ് പറയുന്നത്.

കഴക്കൂട്ടം എസ്പിയാണ് അന്വേഷണം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് 15 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും പോലീസ് അറിയിച്ചു. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്ന സമയത്താണ് ഗുണ്ടകള്‍ വീട്ടില്‍ എത്തിയത്. പുത്തന്‍പാലം രാജേഷിനെ താന്‍ ക്ഷണിച്ചിരുന്നുവെന്നും മറ്റുള്ളവര്‍ രാജേഷിന് ഒപ്പം വന്നതാണെന്നുമായിരുന്നു അനി നല്‍കിയ വിശദീകരണം.

രണ്ടാഴ്ച മുന്‍പ് ബൈക്ക് യാത്രക്കിടയില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത് ചേന്തി അനിയുടെ വീടിന് മുന്നില്‍ വെച്ചാണ്. ശരത് ലാല്‍ എന്ന ഗുണ്ടയെ ദീപു എന്നയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചു. വെട്ടേറ്റ ശരത്‌ലാല്‍ ചേന്തി അനിയുടെ വീട്ടിലേക്കാണ് ഓടിക്കയറിയത്.