ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തില്ല; പോലീസ് വരുത്തിയത് ഗുരുതര വീഴ്ച

സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം.ബഷീര് കാറിടിച്ച് മരിച്ച സംഭവത്തില് ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന് പോലീസ് ശ്രമിക്കുന്നതായി ആരോപണം.
 | 
ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തില്ല; പോലീസ് വരുത്തിയത് ഗുരുതര വീഴ്ച

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം.ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ആരോപണം. അപകടത്തിന് പിന്നാലെ ചെയ്യേണ്ട നടപടിക്രമങ്ങളില്‍ പോലീസ് വീഴ്ച വരുത്തിയെന്നാണ് ആരോപണം. മദ്യലഹരിയിലായിരുന്ന ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചില്ല. കാറിലുണ്ടായിരുന്ന വഫ ഫിറോസ് എന്ന യുവതിയുടെ രക്ത സാമ്പിള്‍ മാത്രമാണ് ശേഖരിച്ചത്. ശ്രീറാമിന്റെ സാമ്പിള്‍ എടുത്തിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിനാണ് അറിയിച്ചത്.

ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീറാമിന്റെ ദേഹ പരിശോധന നടത്തണമെന്ന് മാത്രമാണ് പോലീസ് ആവശ്യപ്പെട്ടതെന്നും രക്തപരിശോധനയ്ക്കായി പോലീസ് ആവശ്യപ്പെട്ടാല്‍ മാത്രമേ സാധിക്കൂ എന്നും ഡോക്ടര്‍ പറഞ്ഞു. കാറോടിച്ചത് ആരാണെന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. വഫയാണ് കാര്‍ ഓടിച്ചതെന്നാണ് വഫയും ശ്രീറാമും പറയുന്നത്. ആരാണ് ഓടിച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്നും അക്കാര്യം സ്ഥിരീകരിച്ച ശേഷം പുറത്തുവിടുമെന്നുമാണ് കമ്മീഷണര്‍ അറിയിച്ചത്.

രക്തസാമ്പിള്‍ എടുക്കാന്‍ നിയമ നടപടികളുണ്ടെന്നും രക്തപരിശോധനയ്ക്ക് ഒരാള്‍ വിസമ്മതിച്ചാല്‍ അത് ചെയ്യാന്‍ കഴിയില്ല. അപകടം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് എല്ലായിടത്തും സിസിടിവി ക്യാമറകള്‍ വെക്കാനാവില്ലല്ലോ എന്നും കമ്മീഷണര്‍ മറുപടി നല്‍കി. അപകട സമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്ന് എസ്‌ഐ പറഞ്ഞിരുന്നു. എന്നാല്‍ ഐഡി കാര്‍ഡ് പരിശോധിച്ചതിന് ശേഷം ശ്രീറാമിനെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാതെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിച്ചു. ആദ്യ ഘട്ടത്തില്‍ വഫയ്‌ക്കെതിരെ കേസെടുക്കാനും പോലീസ് തയ്യാറായിരുന്നില്ല.