Friday , 20 September 2019
News Updates

നവാസിന്റേത് തൂങ്ങിമരണമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തില്‍ ചതവുകളും പോറലുകളും

കോട്ടയം: മണര്‍കാട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച നിലയില്‍ കണ്ടെത്തിയ നവാസിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇടുപ്പിലും മുതുകിലും ചതവുകള്‍ ഏറ്റിട്ടുണ്ട്. ശരീരത്തില്‍ ചതവുകളും പോറലുകളും ഏറ്റിട്ടുള്ളതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. നേരത്തെ നവാസിനെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുന്‍പ് നാട്ടുകാരുമായി ഉന്തും തള്ളും ഉണ്ടായതായി പോലീസ് വ്യക്തമാക്കിയിരുന്നു. ശരീരത്തിലേറ്റ ചതവുകള്‍ ആ സമയത്ത് സംഭവിച്ചതാകാമെന്നാണ് പ്രഥമിക നിഗമനം.

സംഭവത്തില്‍ രണ്ട് പോലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. മണര്‍കാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സെബാസ്റ്റ്യന്‍ വര്‍ഗീസ്, ജി ഡി ചാര്‍ജ്, എ എസ് ഐ പ്രസാദ് എന്നിവരെ സസ്പെന്റ് ചെയ്തത്. ഇരുവരും കൃത്യനിര്‍വ്വഹണത്തില്‍ അപാകത വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്പി നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് മണര്‍കാട് സ്വദേശി നവാസിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുത്ത നവാസിനെ സെല്ലില്‍ അടച്ചിരുന്നില്ല. കസ്റ്റഡിയിലിരിക്കെ പോലീസുകാരുടെ കണ്ണില്‍പ്പെടാതെ ടോയ്ലെറ്റിലേക്ക് പോയ നവാസ് അവിടെ വെച്ച് തൂങ്ങി. ഏതാണ്ട് ഒന്നര മണിക്കൂറിന് ശേഷമാണ് പോലീസ് ഇയാളെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ടോയ്ലെറ്റില്‍ തൂങ്ങിയ നിലയില്‍ നവാസിനെ കണ്ടെത്തി.

ഉടന്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ അന്വേഷണത്തിന് കോട്ടയം ജില്ലാ പോലീസ് മേധാവി ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരായ എല്ലാ പോലീസുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ഡിജിപി എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

DONT MISS