തീര്‍ത്ഥാടക വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടുന്നതിനുള്ള വിലക്ക് പിന്‍വലിച്ചു

ശബരിമല തീര്ത്ഥാടകരുടെ വാഹനങ്ങള് പമ്പയിലേക്ക് കടത്തി വിടുന്നതിനുള്ള വിലക്ക് പിന്വലിച്ചു
 | 
തീര്‍ത്ഥാടക വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടുന്നതിനുള്ള വിലക്ക് പിന്‍വലിച്ചു

കൊച്ചി: ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടുന്നതിനുള്ള വിലക്ക് പിന്‍വലിച്ചു. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഭക്തരെ പമ്പയില്‍ ഇറക്കിയ ശേഷം വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തരെ കൂട്ടിക്കൊണ്ട് പോകാനും വാഹനങ്ങള്‍ക്ക് പമ്പയിലെത്താം.

എന്നാല്‍ നിലയ്ക്കല്‍ പമ്പ റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് കര്‍ശന വിലക്കുണ്ട്. ഗതാഗതക്കുരുക്ക് ഉണ്ടായാല്‍ തീരുമാനം എടുക്കുന്നതിനു പൊലീസ് ഇടപെടലുണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. നിലവില്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ മാത്രമേ ഭക്തര്‍ക്ക് പോകാന്‍ കഴിയുമായിരുന്നുള്ളു. സര്‍ക്കാരിന്റെ പുതിയ നിലപാട് ഹൈക്കോടതി അംഗീകരിച്ചു.

റിട്ട. ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി. പ്രസന്നകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ ചെറു വാഹനങ്ങള്‍ പമ്പയിലേയ്ക്ക് അനുവദിക്കാന്‍ കഴിയില്ലേയെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പമ്പ, ഹില്‍ടോപ് മേഖലകളെല്ലാം പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നതിനാല്‍ പാര്‍ക്കിങ് അനുവദിക്കാനാവില്ലെന്നും മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നുമാണ് പത്തനംതിട്ട എസ്പി ഇന്നലെ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരാണ് മറുപടി നല്‍കേണ്ടതെന്നും അതിനാല്‍ മറുപടി പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇന്ന് നിലപാട് കോടതിയില്‍ അറിയിച്ചത്.