സ്വന്തം മുടിവെട്ടുന്നത് പോലും അറിയാത്ത വിധത്തില്‍ എന്താണ് സ്വാധീനിച്ചത്; ഷെയിനെതിരെ ജോബി ജോര്‍ജ്

നിര്മാതാവ് വധഭീഷണി മുഴക്കിയെന്ന ആരോപണത്തില് ഷെയിന് നിഗമിന്റെ വാദങ്ങള് തള്ളി നിര്മാതാവ് ജോബി ജോര്ജ്.
 | 
സ്വന്തം മുടിവെട്ടുന്നത് പോലും അറിയാത്ത വിധത്തില്‍ എന്താണ് സ്വാധീനിച്ചത്; ഷെയിനെതിരെ ജോബി ജോര്‍ജ്

കൊച്ചി: നിര്‍മാതാവ് വധഭീഷണി മുഴക്കിയെന്ന ആരോപണത്തില്‍ ഷെയിന്‍ നിഗമിന്റെ വാദങ്ങള്‍ തള്ളി നിര്‍മാതാവ് ജോബി ജോര്‍ജ്. താന്‍ ഷെയിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സിനിമയുടെ ഡേറ്റ് ഷെയിനാണ് നീട്ടിക്കൊണ്ടു പോയതെന്നും ജോബി പറഞ്ഞു. മുടിവെട്ടിയത് കൂടിപ്പോയത് താന്‍ അറിഞ്ഞില്ല എന്നാണ് ഷെയിന്‍ പറഞ്ഞത്. എന്നാല്‍ സ്വന്തം മുടിവെട്ടുന്നത് പോലും അറിയാന്‍ പറ്റാത്ത വിധത്തില്‍ എന്താണ് അവനെ സ്വാധീനിച്ചത് എന്ന് താന്‍ പറയുന്നില്ലെന്നും ജോബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജോബിയുടെ വാക്കുകള്‍

ആദ്യം 30 ലക്ഷം എന്ന് പറഞ്ഞു. പിന്നെ അത് 40 ലക്ഷമാക്കി. സിനിമ ഷൂട്ട് നിശ്ചയിച്ച ഡേറ്റ് കഴിഞ്ഞ് 25 ദിവസം കഴിഞ്ഞിട്ടും ഷൂട്ട് നടന്നില്ല. ആ സമയത്താണ് ഷെയിനിനെ വെച്ച് എന്റെ തന്നെ ഒരു സുഹൃത്ത് അടുത്ത സിനിമ ചെയ്യുന്നുവെന്ന് വാര്‍ത്ത കണ്ടത്. ഇതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി കൊടുത്തു. ഞങ്ങളുടെ പടത്തിന്റെ താടി വെച്ച ഭാഗം തീര്‍ന്ന ശേഷം ആ പടത്തില്‍ അഭിനയിക്കാമെന്നും എന്റെ പടത്തില്‍ അഭിനയിച്ച ശേഷം മാത്രമേ താടിയും മുടിയും വെട്ടാവൂ എന്നും അന്ന് തീരുമാനമായി.

അതിന് ശേഷം അദ്ദേഹം ഞങ്ങളുടെ പടത്തില്‍ വന്ന് അഭിനയിച്ചു. ഇതിനിടെ മറ്റേ പടവും ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ ഈ മാസം 15ന് സിനിമ ഷൂട്ടിങ്ങിന് എത്താമെന്ന് പറഞ്ഞു. 12-ാം തിയതി എനിക്ക് മെസേജ് അയച്ചു, 25-ാം തിയതി തുടങ്ങാമെന്ന് പറഞ്ഞു. മോനെ നിന്റെ ഇഷ്ടം പക്ഷേ റിലീസ് ഡേറ്റ് പോകരുത് എന്ന് ഞാന്‍ പറഞ്ഞു. പല കമിറ്റ്മെന്റ്സും ഉള്ളതാണ്. വലിയ കോമ്പന്‍സേഷന്‍ കൊടുക്കേണ്ടി വരും.

25-ാം തിയതി ഷൂട്ട് ചെയ്യാമെന്നത് ഷെയിന്‍ അംഗീകരിച്ചതാണ്. തെളിവുകളുണ്ട്. ഷെയിനോട് ഇപ്പോഴും വൈരാഗ്യവുമില്ല. അവനെ നിയന്ത്രിക്കുന്ന സാധനം കൂടിപ്പോയതുകൊണ്ടായിരിക്കാം. അവന്‍ ഇന്നലെ പത്രക്കാരോട് പറഞ്ഞു. ഉറങ്ങിപ്പോയതുകൊണ്ടാണ് മുടിവെട്ടിയത് അറിയാത്തതെന്ന്.

സ്വന്തം മുടിവെട്ടുന്നത് പോലും അറിയാന്‍ പറ്റാത്ത വിധത്തില്‍ എന്താണ് അവനെ സ്വാധീനിച്ചത് എന്ന് ഞാന്‍ പറയുന്നില്ല. കാരണം എനിക്കും മക്കളുണ്ട്. അവരും വലുതാകുമ്പോള്‍ ഇവനെപ്പോലെ ആയിപ്പോയാല്‍ എന്ത് ചെയ്യും. എന്റെ അപ്പന്‍ എന്നെ പഠിപ്പിച്ചതുകൊണ്ടാണ് ഞാന്‍ അങ്ങനെ ആയിപ്പോകാഞ്ഞത്.

എന്റെ സഹ പ്രൊഡ്യൂസര്‍ ആണ് മുടിവെട്ടിയ ഇവന്റെ ഫോട്ടോ അയച്ചു തന്നത്. ഈ ഫോട്ടോ കണ്ടപ്പോള്‍ ഇവരോട് പറഞ്ഞു ഷെയിന്റെ വീട്ടില്‍ പോയി സംസാരിക്കണമെന്ന്. ഞാന്‍ ഇവനെ വിളിച്ചെങ്കിലും അവന്‍ ഫോണ്‍ എടുത്തില്ല.

പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല. ഇവനെ വിളിച്ച് ഫോണ്‍ എടുക്കുന്നില്ല. ഡയറക്ടറെ വിളിക്കുമ്പോള്‍ ഡയറക്ടര്‍ സങ്കടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതോടെയാണ് ഷെയ്ന് മെസ്സേജ് അയച്ചത്. എന്നാല്‍ എനിക്ക് അവന്‍ തന്നെ മറുപടി

‘ജോബി ചേട്ടാ എനിക്ക് അസുഖമാണെന്നും ഡോക്ടറെ കാണണമെന്നും അത് കഴിഞ്ഞിട്ടേ ഇനി ഞാന്‍ വരൂ’ എന്നുമായിരുന്നു. അതേ സമയം ഇവനെ മറ്റുള്ളവര്‍ വിളിച്ചപ്പോള്‍ ഞാന്‍ ഇടപ്പള്ളിയിലുണ്ട്. ജോബി ചേട്ടനെ നിങ്ങള്‍ ഒന്ന് സമാധാനിപ്പിക്ക് എന്നാണ് ഇവന്‍ പറയുന്നത്.

30 ലക്ഷം രൂപ വാങ്ങിയിട്ട് എന്നോട് അവന്‍ നുണ പറഞ്ഞു. ഇതിന് ശേഷമാണ് എന്നെ പറ്റിച്ചിട്ട് കിടന്നുറങ്ങാമെന്ന് നീ കരുതേണ്ട എന്ന് ഞാന്‍ മെസ്സേജ് അയച്ചത്. അത് ഞാന്‍ പറഞ്ഞതാണ്. ഞാന്‍ കേസ് കൊടുക്കുമെന്ന് തന്നെയാണ് ഉദ്ദേശിച്ചത്. അതില്‍ അവനെ ചീത്ത വിളിക്കുകയോ കൊല്ലുമെന്ന് പറയുകയോ ചെയ്തിട്ടില്ല. നാലഞ്ചര കോടി മുടക്കി വെള്ളത്തില്‍ നില്‍ക്കുന്ന ആള് പിന്നെ എന്തുചെയ്യണം. ആര് ഇടപെട്ടാലും എന്റെ പടം തീര്‍ന്നു കിട്ടണം. അസോസിയേഷന്‍ ചെയ്തുതരുമെന്ന് വിശ്വസിക്കുന്നു.- ജോബി ജോര്‍ജ് പറഞ്ഞു.