കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

48 മണിക്കൂറിനുള്ളില് ന്യൂനമര്ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കുമെന്നും സൂചനയുണ്ട്.
 | 
കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കുകിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കുമെന്നും സൂചനയുണ്ട്. ചുഴലിക്കാറ്റ് തമിഴ്‌നാട് തീരങ്ങളില്‍ കനത്ത നാശം വിതയ്ക്കുമെന്നാണ് സൂചന.

കാലാവസ്ഥാ സാഹചര്യം കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നും എന്നാല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 30, മെയ് 1 തീയതികളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട് തീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.

തീരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ കടലാക്രമണം ശക്തമായിട്ടുണ്ട്. ചുഴലിക്കാറ്റ് എത്തിയാല്‍ പ്രതിസന്ധി രൂക്ഷമാകും. കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളിലും കടലാക്രമണം വരും ദിവസങ്ങളില്‍ ശക്തിപ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.