രാജീവ് ദേവരാജ് മീഡിയാ വണിലേക്ക്
തിരുവനന്തപുരം: ന്യൂസ് 18 കേരള എഡിറ്റര്‍ രാജീവ് ദേവരാജ് മീഡിയ വണിലേക്ക്. കഴിഞ്ഞ ഏപ്രില്‍ 12ന് ചാനലില്‍ നിന്ന് രാജിവെച്ചുവെന്നും താനിപ്പോള്‍ നോട്ടീസ് പീരിയഡിലാണെന്നും രാജീവ് ദേവരാജ് സ്ഥിരീകരിച്ചതായി കൊച്ചി പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മീഡിയവണ്‍ എഡിറ്റര്‍ സി.എല്‍.തോമസ് ജൂണ്‍ 15ന് വിരമിക്കുകയാണ്. പിന്‍ഗാമിയായി രാജീവ് സ്ഥാനമേറ്റെടുക്കും. ചാനലില്‍ നിന്നുള്ള രാജി അത്ര സുഖകരമായല്ലെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. എന്നാല്‍ മാനേജ്മെന്റുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചില്ല. പ്രോഗ്രാം ഷെഡ്യൂളുകളിലും മാര്‍ക്കറ്റിംഗിലും അസംതൃപ്തിയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
എങ്കിലും ചാനലിന്റെ എഡിറ്ററെന്ന നിലയിലെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ട്. മീഡിയ വണിലേക്ക് ഒരു കരിയര്‍ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ.പി.ജയദീപ് പുറത്തു പോയതിന് ശേഷമാണ് ന്യൂസ് 18 കേരളയുടെ എഡിറ്റര്‍ സ്ഥാനത്തേക്ക് രാജീവ് ദേവരാജ് എത്തിയത്. നാല് വര്‍ഷത്തോളം ഇതേ സ്ഥാനത്തിരുന്ന ശേഷമാണ് ചാനലില്‍ നിന്ന അദ്ദേഹം പടിയിറങ്ങുന്നത്.
2016ല്‍ മനോരമ ന്യൂസില്‍ നിന്നാണ് രാജീവ് ദേവരാജ് റിലയന്‍സ് ഉടമസ്ഥതയിലുള്ള നെറ്റ്വര്‍ക്ക് 18 ശൃംഖലയിലെ ന്യൂസ് 18 കേരളത്തില്‍ എത്തുന്നത്. ചാനലിലെ രണ്ടാമനായാണ് എത്തിയതെങ്കിലും കെ.പി.ജയദീപ് പുറത്തു പോയതോടെ അദ്ദേഹം എഡിറ്ററായി നിയമിക്കപ്പെടുകയായിരുന്നു.