നന്ദി ടീച്ചറേ! തെരഞ്ഞെടുപ്പ് വിജയത്തില്‍ ദീപാ നിഷാന്തിന് നന്ദി അറിയിച്ച് രമ്യാ ഹരിദാസ്

രമ്യയ്ക്ക് ഇത്രയധികം ഭൂരിപക്ഷം ലഭിക്കാനുള്ള കാരണം ദീപാ നിഷാന്തും എല്.ഡി.എഫ് കണ്വീനര് എ. വിജയരാഘവനുമാണെന്നാണ് സോഷ്യല് മീഡിയ പറയുന്നത്.
 | 
നന്ദി ടീച്ചറേ! തെരഞ്ഞെടുപ്പ് വിജയത്തില്‍ ദീപാ നിഷാന്തിന് നന്ദി അറിയിച്ച് രമ്യാ ഹരിദാസ്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ദീപ നിഷാന്തിന് നന്ദി അറിയിച്ച് എം.പി രമ്യാ ഹരിദാസ്. രമ്യാ ഹരിദാസിന്റെ ഒദ്യോഗിക പേജിലല്ല നന്ദിയറിയിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ ഇടതുപക്ഷ സഹയാത്രികയായ ദീപാ നിഷാന്തും രമ്യാ ഹരിദാസും സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയിരുന്നു. പിന്നാലെ രമ്യയ്ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയ രംഗത്ത് വരികയും ചെയ്തു. രമ്യയ്ക്ക് ഇത്രയധികം ഭൂരിപക്ഷം ലഭിക്കാനുള്ള കാരണം ദീപാ നിഷാന്തും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനുമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

5,33,815 വോട്ടുകളാണ് രമ്യയ്ക്ക് ആലത്തൂരില്‍ ലഭിച്ചത്. സിറ്റിംഗ് എം.പിയായ സിപിഎമ്മിന്റെ പി.കെ ബിജുവിനാകട്ടെ 3,74,847 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. യു.ഡി.എഫിന്റെ ആലത്തൂരിലെ ഏറ്റവും വലിയ വിജയമാണിത്. രമ്യാ ഹരിദാസിനെതിരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ പി.കെ ബിജുവിനെതിരെ വികാരമുണ്ടാക്കിയെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ദീപാ നിഷാന്ത് തുടക്കമിട്ട പാട്ടുമായി ബന്ധപ്പെട്ട് ആരോപണമായിരുന്നു പിന്നീട് വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കിയത്. കൂടാതെ വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശവും പി.കെ ബിജുവിന് വിനയായി.

വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളില്‍ പി.കെ ബിജു മുന്നേറിയെങ്കിലും പിന്നീട് രമ്യ ലീഡ് പിടിക്കുകയായിരുന്നു. 20 ശതമാനം വോട്ടെണ്ണി കഴിഞ്ഞതിന് ശേഷം പിന്നീട് ഒരിക്കലും ഒന്നാം സ്ഥാനത്തേക്ക് വരാന്‍ പി.കെ ബിജുവിന് കഴിഞ്ഞില്ല. സിപിഎമ്മിന് വലിയ പിന്തുണയുള്ള സ്ഥലങ്ങളില്‍ പോലും രമ്യ മുന്നേറ്റം നടത്തി. എന്തായാലും രമ്യയുടെ ‘നന്ദി ട്രോള്‍’ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.