കേന്ദ്ര വിലക്ക് ഹൈക്കോടതി നീക്കി; ആനന്ദ് പട്‌വര്‍ദ്ധന്റെ ‘റീസണ്‍’ പ്രദര്‍ശിപ്പിക്കും

ആനന്ദ് പട്വര്ദ്ധന് സംവിധാനം ചെയ്ത റീസണ് എന്ന ഡോക്യുമെന്ററിക്ക് കേന്ദ്രസര്ക്കാര് ഏര്പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി.
 | 
കേന്ദ്ര വിലക്ക് ഹൈക്കോടതി നീക്കി; ആനന്ദ് പട്‌വര്‍ദ്ധന്റെ ‘റീസണ്‍’ പ്രദര്‍ശിപ്പിക്കും

കൊച്ചി: ആനന്ദ് പട്‌വര്‍ദ്ധന്‍ സംവിധാനം ചെയ്ത റീസണ്‍ എന്ന ഡോക്യുമെന്ററിക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. ചലച്ചിത്ര അക്കാഡമിയാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. നിയമ പോരാട്ടത്തില്‍ പട്‌വര്‍ദ്ധനും പങ്കുചേര്‍ന്നു. തിരുവനന്തപുരത്തു നടന്നു വരുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഡോക്യുമെന്ററിക്ക് സെന്‍സര്‍ ഇളവു നല്‍കാന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വിസമ്മതിക്കുകയായിരുന്നു.

മേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെങ്കിലും മന്ത്രാലയത്തിന്റെ സെന്‍സര്‍ ഇളവു ചെയ്തുകൊണ്ടുള്ള സമ്മതപത്രം ആവശ്യമാണ്. ഇതിനായി രണ്ടു തവണ ബന്ധപ്പെട്ടിട്ടും മന്ത്രാലയം അനുമതി നല്‍കിയില്ല. ഇതേത്തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവെച്ചിരിക്കുകയാണെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ അറിയിച്ചിരുന്നു. പ്രദര്‍ശന വിലക്കിനെതിരെയാണ് അക്കാഡമി ഹൈക്കോടതിയെ സമീപിച്ചത്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എഴുത്തുകാരും ബുദ്ധിജീവികളും കൊലചെയ്യപ്പെട്ട സംഭവങ്ങളെക്കുറിച്ചാണ് റീസണ്‍ ചര്‍ച്ച ചെയ്യുന്നത്. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍, എം.എം.കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളാണ് വിഷയം.