പ്രളയകാലത്ത് രാഹുല്‍ ഗാന്ധി അയച്ച ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തില്ല; സാധനങ്ങള്‍ പുഴുവരിച്ച നിലയില്‍

പ്രളയകാലത്ത് രാഹുല് ഗാന്ധി നിലമ്പൂരില് വിതരണത്തിനായി നല്കിയ ഭക്ഷ്യക്കിറ്റുകള് വിതരണം ചെയ്യാതെ കോണ്ഗ്രസ്.
 | 
പ്രളയകാലത്ത് രാഹുല്‍ ഗാന്ധി അയച്ച ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തില്ല; സാധനങ്ങള്‍ പുഴുവരിച്ച നിലയില്‍

നിലമ്പൂര്‍: പ്രളയകാലത്ത് രാഹുല്‍ ഗാന്ധി നിലമ്പൂരില്‍ വിതരണത്തിനായി നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാതെ കോണ്‍ഗ്രസ്. കിറ്റുകള്‍ സൂക്ഷിക്കാനായി വാടകയ്ക്ക് എടുത്ത കടമുറിയില്‍ ഇവ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിക്ക് നല്‍കിയ കിറ്റുകളാണ് പുഴുവരിച്ചത്. അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിച്ചു.

നിലമ്പൂരിലെ പഴയ നഗരസഭാ ഓഫീസിന് മുന്നിലുള്ള കടമുറിയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. അക്കാര്യം മറന്നു പോയെന്നായിരുന്നു ഇതേക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. കടമുറി വാടകയ്ക്ക് എടുക്കാനായി എത്തിയവര്‍ തുറന്നു നോക്കിയപ്പോഴാണ് എംപി വയനാട് എന്ന് എഴുതിയ ഭക്ഷ്യക്കിറ്റുകള്‍ കണ്ടെത്തിയത്. ഇതറിഞ്ഞ് എത്തിയ സിപിഎം പ്രവര്‍ത്തകര്‍ കടമുറി പൂട്ടിയിടുകയും ബുധനാഴ്ച രാവിലെ വിശദമായി പരിശോധിക്കുകയും ചെയ്തപ്പോഴാണ് പുഴുവരിച്ചത് വ്യക്തമായത്.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂരില്‍ കഴിഞ്ഞ രണ്ട് പ്രളയങ്ങളില്‍ വന്‍ നാശനഷ്ടങ്ങള്‍ നേരിട്ടിരുന്നു. ഈ പ്രദേശത്തേക്ക് എംപി നല്‍കിയ ദുരിതാശ്വാസ വസ്തുക്കളാണ് കോണ്‍ഗ്രസ് നേതൃത്വം വിതരണം ചെയ്യാതെ ഉപയോഗശൂന്യമാക്കിയത്. ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പം പുതപ്പ്, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ മുതലായവയും ഉണ്ട്. ദുരിത ബാധിതര്‍ക്കായുള്ള ഭക്ഷ്യക്കിറ്റുകള്‍ പൂഴ്ത്തിവെച്ച കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.എം. ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

കോവിഡ് സമയത്ത് പോലും ഇവ വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ചത് തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്യാനായിരുന്നുവെന്നും സിപിഎം ആരോപിക്കുന്നു. എന്നാല്‍ കിറ്റുകള്‍ വിതരണത്തിനായി പ്രാദേശിക നേൃത്വത്തെ ഏല്‍പിച്ചിരുന്നുവെന്നും സംഭവത്തില്‍ അന്വേഷണം നടത്തി വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിസിസി നേതൃത്വം അറിയിച്ചു. ഹ