ഇടവേള ബാബുവിന്റെയും ഗണേഷിന്റെയും പ്രതികരണങ്ങളില്‍ നിലപാട് വ്യക്തമാക്കണം; ‘അമ്മ’യ്ക്ക് തുറന്ന കത്തെഴുതി രേവതിയും പദ്മപ്രിയയും

ഇടവേള ബാബുവും ഗണേഷ് കുമാറും നടത്തിയ വിവാദ പരാമര്ശങ്ങളില് താരസംഘടന അമ്മയുടെ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് രേവതിയും പദ്മപ്രിയയും
 | 
ഇടവേള ബാബുവിന്റെയും ഗണേഷിന്റെയും പ്രതികരണങ്ങളില്‍ നിലപാട് വ്യക്തമാക്കണം; ‘അമ്മ’യ്ക്ക് തുറന്ന കത്തെഴുതി രേവതിയും പദ്മപ്രിയയും

ഇടവേള ബാബുവും ഗണേഷ് കുമാറും നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ താരസംഘടന അമ്മയുടെ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് രേവതിയും പദ്മപ്രിയയും. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് എഴുതിയ തുറന്ന കത്തിലാണ് ഇവര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മൂന്ന് ചോദ്യങ്ങളാണ് പ്രധാനമായും കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ഇടവേള ബാബു ടിവി മാധ്യമങ്ങളില്‍ പറഞ്ഞ കാര്യങ്ങളിലും അമ്മ വൈസ് പ്രസിഡന്റ് നടത്തിയ പ്രതികരണത്തിലും വ്യക്തികള്‍ എന്ന നിലയിലും അമ്മ നേതൃത്വത്തിലുള്ളവര്‍ എന്ന നിലയിലും നിലപാട് വ്യക്തമാക്കണം.

സംഘടനയെയും സിനിമ വ്യവസായത്തെ തന്നെയും അവമതിക്കുന്ന തരത്തില്‍ പെരുമാറിയവര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചത്? അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ സിദ്ദിഖിന് എതിരെ ഉയര്‍ന്ന ലൈംഗികാധിക്ഷേപ ആരോപണത്തില്‍ തൊഴിലിടത്തില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയാനുള്ള നിയമം അനുസരിച്ച് നടപടിയെടുത്തോ തുടങ്ങിയ ചോദ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. നിലവില്‍ അമ്മയില്‍ തുടരുന്ന ഡബ്ല്യുസിസി പ്രവര്‍ത്തകരാണ് രേവതിയും പദ്മപ്രിയയും. ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പാര്‍വതി തിരുവോത്ത് ഏതാനും ദിവസം മുന്‍പ് അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു.

അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുകേഷ്, ജഗദീഷ്, അജു വര്‍ഗീസ്, ആസിഫ് അലി, ബാബുരാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, രചന നാരായണന്‍കുട്ടി, ശ്വേത മേനോന്‍, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കാണ് കത്ത് നല്‍കിയിരിക്കുന്നത്.

A lot has been said and shared in the last couple of days which like many others myself and Revathy Asha Kelunni have…

Posted by Padmapriya Janakiraman on Wednesday, October 14, 2020