കൂടത്തായി കൊലപാതക പരമ്പര; പരാതിക്കാരന്‍ റോജോ മൊഴി നല്‍കുന്നു

കുടുംബത്തില് നടന്ന ആറ് ദുരൂഹ മരണങ്ങളെക്കുറിച്ചും ആദ്യമായി അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നത് റോജോയാണ്.
 | 
കൂടത്തായി കൊലപാതക പരമ്പര; പരാതിക്കാരന്‍ റോജോ മൊഴി നല്‍കുന്നു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പരാതിക്കാരന്‍ റോജോ അന്വേഷണസംഘത്തിന് മൊഴി നല്‍കുന്നു. അമേരിക്കയിലായിരുന്ന റോജോ ഇന്നലെയാണ് നാട്ടിലെത്തിയത്. കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റോജോയെ അന്വേഷണ സംഘം നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കുടുംബത്തില്‍ നടന്ന ആറ് ദുരൂഹ മരണങ്ങളെക്കുറിച്ചും ആദ്യമായി അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നത് റോജോയാണ്.

അച്ഛനായ ടോം തോമസ്, അമ്മ അന്നമ്മ, സഹോദരന്‍ റോയ് എന്നിവരുടെ മരണം സ്വന്തം നിലയ്ക്ക് അന്വേഷിച്ച റോജോ ജോളിയുടെ രണ്ടാം ഭര്‍ത്താവും ബന്ധുവുമായ ഷാജുവിന്റെ മകളും ഭാര്യയും സമാന രീതിയിലാണ് മരണപ്പെട്ടതെന്നും കണ്ടെത്തി. തന്റെ സംശയങ്ങളും വിവരാവകാശം വഴി നേടിയെടുത്ത റോയിയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങളും സഹിതം കോഴിക്കോട് റൂറല്‍ എസ്.പിക്ക് പരാതി നല്‍കുകയും ചെയ്തു. സ്വത്ത് തട്ടിയെടുക്കാന്‍ ജോളി നടത്തിയ ശ്രമമാണ് റോജോയില്‍ സംശയങ്ങള്‍ ജനിപ്പിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ റോജോ സഹോദരിയായ റെഞ്ചിയുടെ അടുത്തേക്കാണ് പോയത്. റോജോയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാനുണ്ടെന്ന് നേരത്തെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. സഹോദരി റെഞ്ചി ജോളിയെ കൂടാതെ ഷാജുവിന് നേരെയും സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. സിലിയുടെയും മകളുടെയും കൊലപാതകങ്ങളില്‍ ഷാജുവിന് പങ്കുള്ളതായി ജോളിയും മൊഴി നല്‍കിയിട്ടുണ്ട്.