ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ പൗരന്മാര്‍; ജേക്കബ് തോമസ്

ബി.ജെ.പിയുമായി ചേര്ന്ന് രാഷ്ട്രീയ പ്രവര്ത്തനം നടത്തുമെന്ന് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
 | 
ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ പൗരന്മാര്‍; ജേക്കബ് തോമസ്

കൊച്ചി: ആര്‍.എസ്.എസില്‍ പങ്കെടുക്കുന്നത് രാജ്യത്തെ ഒന്നാം നമ്പര്‍ പൗരന്മാരാണെന്ന് ജേക്കബ് തോമസ്. കൊച്ചിയില്‍ നടന്ന ആര്‍എസ്എസിന്റെ ഗുരുപൂജ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജേക്കബ് തോമസിന്റെ പ്രതികരണം. നേരത്തെ സംഘപരിവാര്‍ ചായ്വിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളയാളാണ് ജേക്കബ്.

ആര്‍എസ്എസുമായി തനിക്ക് നേരത്തെയും ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നു. പോലീസുകാര്‍ ആര്‍എസ്എസുകാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന പരാമര്‍ശത്തിന്റെ അര്‍ത്ഥമെന്താണെന്നും ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ പൗരന്മാരാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

ബി.ജെ.പിയുമായി ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്ന് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സസ്‌പെന്‍ഷനിലിരിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ അദ്ദേഹത്തിന് വിലങ്ങു തടിയാകും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രതിനിധീകരിച്ച് ചാലക്കുടിയില്‍ നിന്നും ജേക്കബ് മത്സരിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നീട് അദ്ദേഹം തന്നെ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ജേക്കബ് തോമസ് നല്‍കിയ വി.ആര്‍.എസ് (സ്വയം വിരമിക്കല്‍) തള്ളിയതോടെ കാര്യങ്ങള്‍ പ്രതികൂലമാവുകയായിരുന്നു.