ഏഴംഗ ബെഞ്ച് പരിഗണിക്കുക ഏഴ് വിഷയങ്ങള്‍; പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളും തീര്‍പ്പാക്കുന്നത് പിന്നീട്

ശബരിമല പുനഃപരിശോധനാ ഹര്ജികള് തീര്പ്പാക്കുന്നത് അഞ്ചംഗ ഭരണഘടനാ ബെഞ്ച് തന്നെ.
 | 
ഏഴംഗ ബെഞ്ച് പരിഗണിക്കുക ഏഴ് വിഷയങ്ങള്‍; പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളും തീര്‍പ്പാക്കുന്നത് പിന്നീട്

ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് അഞ്ചംഗ ഭരണഘടനാ ബെഞ്ച് തന്നെ. ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്ന വിധിയനുസരിച്ച് രൂപീകരിക്കുന്ന ഏഴംഗ ബെഞ്ച് പരിഗണിക്കുന്നത് വിശ്വാസത്തില്‍ കോടതിക്ക് എത്രമാത്രം ഇടപെടാം, മതപരമായ കാര്യത്തില്‍ മതത്തിനു പുറത്തുള്ളയാളുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാമോ തുടങ്ങിയ ഏഴ് വിഷയങ്ങള്‍ മാത്രം. കേരള ഹിന്ദു പൊതു ആരാധനാ സ്ഥല ചട്ടം 1965 ശബരിമലയ്ക്ക് ബാധകമാകുമോ എന്നതാണ് ശബരിമലയുമായി ബന്ധപ്പെട്ട വിഷയം. ഇക്കാര്യങ്ങളില്‍ ഏഴംഗ ബെഞ്ച് വിധി പുറപ്പെടുവിച്ച ശേഷമായിരിക്കും ശബരിമല യുവതീ പ്രവേശന വിധിയിലെ പുനപരിശോധനാ ഹര്‍ജികളും റിട്ടുകളും തീര്‍പ്പാക്കുക.

അതായത് നിലവിലുള്ള ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കാതെ മാറ്റിയിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. യുവതീ പ്രവേശനം അനുവദിക്കുന്ന വിധി സ്റ്റേ ചെയ്യാത്തതും ഇതേ കാരണത്താലാണ്. വിശാല ബെഞ്ചിന് തീരുമാനിക്കാവുന്നതും ഇപ്പോള്‍ ലഭിച്ചിരിക്കുന്നതുമായ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നത് വരെ പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളും മാറ്റിവെക്കുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയില്‍ പറഞ്ഞിരിക്കുന്നത്. ശബരിമല സംബന്ധിച്ച വിഷയം പരിഗണിക്കുമ്പോള്‍ ബന്ധപ്പെട്ട കക്ഷികളെ കേള്‍ക്കണോ എന്ന കാര്യം കോടതിക്ക് തീരുമാനിക്കാമെന്നും ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, എ.എം ഖാന്‍വില്‍കര്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ വിധിയില്‍ പറഞ്ഞു.

മുസ്‌ളീം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യ മതസ്ഥനെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകള്‍ക്കുള്ള വിലക്ക്, ദാവൂദി ബോറകള്‍ക്ക് ഇടയിലെ ചേലാകര്‍മ്മം എന്നീ വിഷയങ്ങളില്‍ പരിഗണനയില്‍ ഇരിക്കുന്ന ഹര്‍ജികളുമായി ശബരിമല വിധിക്ക് ബന്ധമുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇവ വിശാല ബെഞ്ച് പരിഗണിക്കട്ടെയെന്നാണ് കോടതി നിലപാടെടുത്തത്. ശിരൂര്‍ മഠവുമായി ബന്ധപ്പെട്ട കേസില്‍ ഓരോ മതവിഭാഗത്തിനും അവരുടെ അനിവാര്യ ആചാരങ്ങള്‍ നിശ്ചയിക്കാം എന്ന് ഏഴംഗ ബഞ്ച് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ അജ്മീര്‍ ദര്‍ഗ കേസിലെ അഞ്ചംഗ ബഞ്ച് വിധിയുടെ പശ്ചാത്തലത്തിലും ആചാരങ്ങള്‍ കോടതി തീരുമാനിക്കണോ എന്നതില്‍ ഭിന്നതകളുണ്ട. അതുകൊണ്ട് ഇക്കാര്യം വിശാല ബഞ്ച് പരിശോധിക്കണമെന്നാണ് കോടതി പറഞ്ഞത്.

എന്നാല്‍ ശബരിമല വിഷയത്തെ മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ചേര്‍ത്ത് കാണുന്നതിനെ ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍ എതിര്‍ത്തു. പരമോന്നത കോടതിയുടെ വിധിയെ വിമര്‍ശിക്കാം. പക്ഷെ വിധിയെ ധ്വംസിക്കുന്നതും അതിന് ആള്‍ക്കാരെ പ്രേരിപ്പിക്കുന്നതും അംഗീകരിക്കാന്‍ ആകില്ലെന്നും ന്യൂനപക്ഷ വിധിയില്‍ ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും വ്യക്തമാക്കി.