ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി നാളെ

ശബരിമലയില് യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്ജികളില് വിധി വ്യാഴാഴ്ച.
 | 
ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി നാളെ

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വ്യാഴാഴ്ച. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറയുന്നത്. രാവിലെ 10.30നായിരിക്കും വിധിപ്രസ്താവം. റിവ്യൂ ഹര്‍ജികളും റിട്ടുകളും ഉള്‍പ്പെടെ 65 ഹര്‍ജികളാണ് ശബരിമല വിധിക്കെതിരെ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ എത്തിയത്. ഇവയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും വിധി പറയുന്നതിനായി മാറ്റിയിരിക്കുകയായിരുന്നു. ഈ ഞായറാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിന് മുന്‍പായി ശബരിമല കേസിലും വിധിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത്. ഈ വിധി വിശാല ബെഞ്ചിന്റെ പുനഃപരിശോധനയ്ക്ക് വിടണോ എന്ന വിഷയത്തിലായിരിക്കും നാളത്തെ വിധി. മതവിശ്വാസത്തില്‍ സ്ത്രീക്കും പുരുഷനും തുല്യമായ അവകാശമാണെന്നും സ്ത്രീകളുടെ അന്തസ്സ് ചോദ്യം ചെയ്യുന്ന ഏത് മതാചാരവും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് ഭരണഘടാന ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

അഞ്ചംഗ ബെഞ്ചില്‍ നാല് പേര്‍ അനുകൂല വിധി പുറപ്പെടുവിച്ചപ്പോള്‍ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇതിനെ എതിര്‍ത്തിരുന്നു. അയോധ്യ വിധിയില്‍ വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത സുപ്രീം കോടതി ശബരിമലയിലും അതു തന്നെ ആവര്‍ത്തിക്കുമോ എന്നാണ് നിയമവിദഗ്ദ്ധര്‍ ഉറ്റുനോക്കുന്നത്.