ശബരിമല വിധി പുനഃപരിശോധിക്കും; ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന്

ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കാന് സുപ്രീം കോടതിയുടെ വിധി.
 | 
ശബരിമല വിധി പുനഃപരിശോധിക്കും; ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന്

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതിയുടെ വിധി. ഏഴംഗ ഭരണഘടനാ ബെഞ്ചിന് കേസ് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ പുനഃപരിശോധനയ്ക്ക് അനുകൂലമായി വിധിയെഴുതി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന്‍ എന്നിവര്‍ തങ്ങളുടെ വിധികളില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി. വിധി പുനഃപരിശോധിക്കേണ്ടതില്ല എന്നായിരുന്നു ഇവരുടെ വിധി.

വിശാല ബെഞ്ചിന് കേസ് വിടുമ്പോള്‍ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിട്ടില്ല. ന്യൂനപക്ഷ വിധികള്‍ ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന്‍ ആണ് വായിച്ചത്. ഇതോടെ 2006ല്‍ ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ശബരിമല യുവതീ പ്രവേശന ഹര്‍ജി വീണ്ടും വാദം കേള്‍ക്കും.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതിരെ ലഭിച്ച 60ഓളം ഹര്‍ജികളിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ ഈ വിഷയം ഇനി വര്‍ഷങ്ങള്‍ നീളുന്ന നിയമ നടപടികളിലേക്ക് വീണ്ടും കടക്കുകയാണ്.