Friday , 16 November 2018
News Updates

ശബരിമല; ആക്രമണങ്ങള്‍ സുപ്രീം കോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ശബരിമലയുടെ പേരിലുണ്ടായ അക്രമ സംഭവങ്ങള്‍ സുപ്രീം കോടതി വിധിക്ക് എതിരെയെന്ന് ഹൈക്കോടതി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജി കോടതി തള്ളി. ഹര്‍ജിക്കാരന്‍ അക്രമത്തില്‍ പങ്കെടുത്തതിന് സാക്ഷിമൊഴികളും പ്രഥമദൃഷ്ട്യാ തെളിവുകളും ഉണ്ടെന്നും ജാമ്യം നല്‍കിയാല്‍ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും കോടതി വ്യക്തമാക്കി.

ശബരിമല വിഷയത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ പിടിയിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി നേരത്തേ തള്ളിയിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച സംഭവങ്ങളിലും 10 കെ.എസ്.ആര്‍.ടി.സി ബസുകളും 13 പൊലീസ് വാഹനങ്ങളും തകര്‍ത്ത കേസുകളിലും പ്രതികളായവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

നിയമം കൈയ്യിലെടുത്ത് വിളയാടിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്. ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് അത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞിരുന്നു.

DONT MISS