അന്തിമ ഉത്തരവ് അനുകൂലമാണെങ്കില്‍ സംരക്ഷണം; ശബരിമല ദര്‍ശനത്തിന് അനുമതി തേടുന്ന ഹര്‍ജികള്‍ മാറ്റി

ശബരിമലയില് ദര്ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും നല്കിയ ഹര്ജികള് മാറ്റിവെച്ചു.
 | 
അന്തിമ ഉത്തരവ് അനുകൂലമാണെങ്കില്‍ സംരക്ഷണം; ശബരിമല ദര്‍ശനത്തിന് അനുമതി തേടുന്ന ഹര്‍ജികള്‍ മാറ്റി

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും നല്‍കിയ ഹര്‍ജികള്‍ മാറ്റിവെച്ചു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ സ്‌ഫോടനാത്മകമാണെന്നും വയലന്‍സ് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

യുവതീ പ്രവേശന വിഷയം വിശാല ബെഞ്ച് പരിഗണിക്കട്ടെ. അതുവരെ സമാധാനമായിരിക്കൂ എന്നാണ് ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടത്. പ്രശ്‌നങ്ങള്‍ ഇല്ലാതെ പോകാനാകുമെങ്കില്‍ പൊയ്‌ക്കോളൂ. എന്നാല്‍ പോലീസ് സംരക്ഷണത്തോടെ പോകാന്‍ ആകില്ല. വിശാല ബെഞ്ചിന്റെ അന്തിമ ഉത്തരവ് നിങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ ഞങ്ങള്‍ സംരക്ഷണം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

രഹ്നാ ഫാത്തിമക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ട്. ബിന്ദു അമ്മിണിയുടെ സുരക്ഷ നീട്ടാനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. വിശാല ബെഞ്ച് ഉടന്‍ രൂപീകരിക്കുമെന്നും ബെഞ്ചിന്റെ തീരുമാനത്തിന് അനുസരിച്ച് പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയും ദര്‍ശനത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയുമാണ് കോടതി പരിഗണിച്ചത്.