ഇത്തവണ സാലറി ചാലഞ്ച് ഇല്ല; അടിയന്തര സഹായം ഓണത്തിന് മുമ്പ്

പ്രളയ ദുരിതാശ്വാസത്തിനായി ഇത്തവണ സാലറി ചാലഞ്ച് നടത്തേണ്ടെന്ന് സര്ക്കാര് തീരുമാനം.
 | 
ഇത്തവണ സാലറി ചാലഞ്ച് ഇല്ല; അടിയന്തര സഹായം ഓണത്തിന് മുമ്പ്

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി ഇത്തവണ സാലറി ചാലഞ്ച് നടത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ദുരിത ബാധിതര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള 10,000 രൂപയുടെ അടിയന്തര സഹായം സെപ്റ്റംബര്‍ 7ന് മുന്‍പ് വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. സഹായധനം വിതരണം ചെയ്യുന്നത് ഓരോ ജില്ലയിലും ചുമതലയുള്ള മന്ത്രിമാരുടെ മേല്‍നോട്ടത്തിലായിരിക്കും.

വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ പട്ടിക തയ്യാറാക്കിയായിരിക്കും ഇത്തവണ സഹായം വിതരണം ചെയ്യുകയെന്ന് കഴിഞ്ഞയാഴ്ചയിലെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. അര്‍ഹരായവരെ കണ്ടെത്തുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. ഇതിന് മന്ത്രിമാര്‍ നേതൃത്വം നല്‍കും. ജില്ലാടിസ്ഥാനത്തില്‍ മന്ത്രിമാര്‍ നേരിട്ടെത്തി നിര്‍ദേശങ്ങള്‍ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സാലറി ചാലഞ്ച് ഒഴിവാക്കിയെങ്കിലും ഉത്സവബത്തയുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ ബോണസ് പഴയപടി നല്‍കും. പ്രാദേശിക കലാകാരന്‍മാര്‍ക്ക് സഹായകരമായതിനാല്‍ ഓണാഘോഷം വേണ്ടെന്ന് വെക്കുന്നില്ലെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓണാഘോഷം ചെലവ് ചുരുക്കി നടത്താനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.