‘ഒരു രൂപ പോലും നല്‍കരുത്, അയ്യപ്പശാപമാണ്’; ദുരിതത്തിലും വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍ രഹസ്യ ഗ്രൂപ്പുകള്‍

പതിനായിരങ്ങള് ഉടുതുണി മാത്രമായി ദുരിതാശ്വാസ ക്യാംപുകളില് അഭയം പ്രാപിച്ചിരിക്കുകയാണ്. ഈ ഘട്ടത്തില് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് സംഘപരിവാര് നടത്തുന്നത്.
 | 
‘ഒരു രൂപ പോലും നല്‍കരുത്, അയ്യപ്പശാപമാണ്’; ദുരിതത്തിലും വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍ രഹസ്യ ഗ്രൂപ്പുകള്‍

കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണങ്ങളുമായി സംഘപരിവാര്‍ രഹസ്യ ഗ്രൂപ്പുകള്‍. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് പ്രധാനമായും പ്രചാരണങ്ങള്‍ നടക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് ആരും സംഭാവനകള്‍ നല്‍കരുതെന്നാണ് പ്രധാന പ്രചാരണം. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 65 പേര്‍ക്കാണ് പ്രളയക്കെടുതി മൂലം ജീവന്‍ നഷ്ടമായിരിക്കുന്നത്. പതിനായിരങ്ങള്‍ ഉടുതുണി മാത്രമായി ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഈ ഘട്ടത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്.

ഒരു രൂപ പോലും നല്‍കരുതെന്നും സംസ്ഥാനം അനുഭവിക്കുന്നത് അയ്യപ്പ ശാപമാണെന്നുമാണ് സംഘപരിവാര്‍ പ്രചാരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകുപ്പ് മാറ്റി ചിലവഴിക്കുകയാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. കണ്ണൂരിലും മലപ്പുറത്തുമാണ് കൂടുതലും ദുരന്തമെന്നും സേവാഭാരതിയുടെ വാഹനങ്ങള്‍ അങ്ങോട്ട് ദിശതെറ്റിപ്പോലും പോകരുതെന്നും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചാരണമുണ്ട്.

നമ്മള്‍ ചെയ്ത പണി ഏറ്റെന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം വരുന്നില്ലെന്നും ഒരാള്‍ ഗ്രൂപ്പ് ചാറ്റില്‍ പറയുന്നുണ്ട്. സേവാഭാരതിയുടെ സംവിധാനങ്ങള്‍ ദുരിതബാധിതരെ സഹായിക്കാന്‍ ഉപയോഗിക്കരുതെന്നും ചര്‍ച്ചയുണ്ട്. അതേസമയം ദുരിതത്തിലും വിദ്വേഷം പ്രചരിപ്പിക്കുന്നവരെ കേരളം തിരിച്ചറിയുമെന്ന് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ഒരു രൂപ പോലും മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത് എന്നു ജനങ്ങളെ ഉദ്ബോധിപ്പിച്ചു കൊണ്ട് പോസ്റ്റുകള്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. കാരണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. മന്ത്രിമാരുടെ വിദേശയാത്രക്കും ധൂര്‍ത്തിനുമായി ദുര്‍വിനിയോഗം ചെയ്യുന്നു എന്നതാണ്. വിദേശയാത്രയും വാഹനങ്ങള്‍ മേടിക്കുന്നതിനൊക്കെ ബജറ്റില്‍ പ്രത്യേകം പണമുണ്ട്. അതുമിതും ഒന്നിച്ചു വായിക്കേണ്ടതില്ലെന്ന് ധനമന്ത്രി ചൂണ്ടിക്കാണിച്ചു.