Tuesday , 25 February 2020
News Updates

വധഭീഷണിയും ആക്രമണ ആഹ്വാനവും, സംഘപരിവാര്‍ ഭീഷണിക്ക് കീഴടങ്ങാതെ ബിജു മുത്തത്തി

ഓച്ചിറ പരബ്രഹ്മക്ഷേത്രം അഗതികളെയും ഭിക്ഷാടകരെയും പരിപാലിക്കുന്നതിനെക്കുറിച്ചും ഈ ക്ഷേത്രത്തിന്റെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലവും പരാമര്‍ശിച്ച പരിപാടിയുടെ പേരില്‍ കൈരളി ചാനല്‍ അവതാരകന് വധഭീഷണി. അടുത്തയാഴ്ച 350-ാം എപ്പിസോഡിലേക്ക് കടക്കുന്ന കേരളാ എക്‌സ്പ്രസ് എന്ന പ്രോഗ്രാമിന്റെ ഒടുവില്‍ സംപ്രേഷണം ചെയ്ത എപ്പിസോഡാണ് തീവ്രഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്. സൈബര്‍ ആക്രമണവും ഭീഷണിയും വകവയ്ക്കാതെ തെണ്ടികളുടെ ദൈവം എന്ന പേരിലുള്ള എപ്പിസോഡ് പുനഃസംപ്രേഷണം ചെയ്യുകയാണ് കൈരളി പിപ്പിള്‍ ചാനലിലൂടെ ബിജു മുത്തത്തി. ആര്‍. സുകുമാരന്‍ സംവിധാനം ചെയ്ത പാദമുദ്ര എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഓച്ചിറ ക്ഷേത്രത്തിലെ പരബ്രഹ്മത്തെ തെണ്ടികളുടെ ദൈവം എന്ന പരാമര്‍ശിച്ചത് കടമെടുത്തായിരുന്നു ബിജു മുത്തത്തി ഈ പ്രോഗ്രാമിന് ഇതേ പേരിട്ടത്. ഇതാണ് സൈബര്‍ ഹിന്ദുത്വ ഗ്രൂപ്പുകളെ ചൊടിപ്പിപ്പിച്ചത്. തുടര്‍ച്ചയായ ഫോണ്‍ ഭീഷണികളെയും സൈബര്‍ ആക്രമണത്തെയും തുടര്‍ന്ന് ബിജു ഡിജിപിക്ക് പരാതിയും നല്‍കി.

ഈ തലക്കെട്ട് ഉപേക്ഷിച്ചാണ് കേരളാ എക്‌സ്പ്രസില്‍ ഇന്ന് കൈരളി പിപ്പീള്‍ ഓച്ചിറയെക്കുറിച്ചുള്ള എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. ഇതേക്കുറിച്ച് കേരളാ എക്‌സ്പ്രസ് സംവിധായകനും അവതാരകനുമായ ബിജു മുത്തത്തി പറയുന്നത്. ”ഞങ്ങളുടെ സര്‍ഗ്ഗാത്മകത പോലും അവരുടെ ജീവിതത്തിന് അടിക്കുറിപ്പെഴുതാനുള്ളതായിരുന്നു. ഓച്ചിറയിലെ പരമദരിദ്രരും യാചകരും രോഗികളുമായ ആ മനുഷ്യര്‍ കൂടി ഈ പരിപാടിയില്‍ തിങ്ങിനിറഞ്ഞു വന്നത് അങ്ങനെയാണ്. അവരുടെ ആത്മാവിഷ്‌ക്കാരത്തിന് മറ്റെന്ത് ശീര്‍ഷകമാണ് ചേരുക? സാക്ഷാല്‍ നാരായണഗുരു തന്നെ പരമശിവനേ നോക്കി ‘നീയോ എരപ്പാളീ, ഞാനോ പിച്ചക്കാരന്‍’ എന്ന് ചൊല്ലിയതിനേക്കാള്‍ കടുപ്പമുള്ളതാണോ ആ ശീര്‍ഷകം? രണ്ട് തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും തെണ്ടിയല്ലോ മതം തീര്‍ത്ത ദൈവ്വം’ എന്ന ചങ്ങമ്പുഴക്കവിത പോലെ കലാപത്തിന്റെ എന്ത് മുഴക്കമാണ് ആ ശീര്‍ഷകത്തിനുള്ളത്? അതുകൊണ്ട് ഇന്ന് രാത്രി 7.30ന് ആ പരിപാടിയുമായി ഞങ്ങള്‍ കൈരളി -പീപ്പിള്‍ ചാനലില്‍ വീണ്ടും വരികയാണ്. ശീര്‍ഷകമില്ലാതെ, ശീര്‍ഷകം നല്‍കാനുള്ള അവകാശം ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ട്. ”

തുടര്‍ച്ചയായ ഭീഷണിയെന്ന് ബിജു മുത്തത്തി

കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളില്‍ വ്യക്തിപരമായി അനുഭവിച്ച അരക്ഷിതാവസ്ഥയ്ക്ക് കണക്കില്ല. ജനാധിപത്യം സമ്പൂര്‍ണ്ണമായി തകര്‍ന്നടിയുന്നതിന്റെ സൂചനകള്‍ ഞാന്‍ ചെവിയില്‍ അനുഭവിച്ചു. നാളെ ഈ ഭീഷണി ആര്‍ക്കെതിരെയും നീളും. നിസ്സാരമായൊരു ടെലിവിഷന്‍ പരിപാടിയോട് അസഹിഷ്ണുക്കളായവര്‍ ആരെയാണ് ഇനി ആക്രമിക്കാതെ വിടുക? കേരളത്തിന്റെ ഏറ്റവും കരുത്തുള്ള രാഷ്ട്രീയ പ്രസ്ഥാനം പോരാടാനായുള്ള ഉറച്ച ലക്ഷ്യത്തോടെ തന്നെ സ്ഥാപിച്ച ഒരു മാധ്യമസ്ഥാപനത്തിലേക്കു വരെ വാളോങ്ങാന്‍ ധൈര്യം കാണിക്കുന്നവരുടെ ഇടയിലാണ് നമ്മള്‍ ഇനി ജീവിക്കേണ്ടത്. അവിടെ സമൂഹമാധ്യമങ്ങളാണ് തീര്‍ച്ചയായും പരിചയും പടച്ചട്ടയുമായി മുന്നില്‍ നില്‍ക്കുന്നത്. സമീപകാലത്തൊന്നും ഉയര്‍ന്നു കേട്ടിട്ടില്ലാത്ത ഈ പ്രതിരോധത്തിന്റെ മുഴക്കമാണ് നമുക്ക് അഭിമാനവും ശക്തിയും നല്‍കുന്നത്. മറ്റുള്ളവര്‍ പിന്നാലേ വന്നുകൊള്ളും. ഇതൊരു സമരത്തിന്റെ പാതയാണ്. അവിടെ ഒരടിയെങ്കിലും മുന്നോട്ടല്ലാതെ നമുക്ക് ജീവിതമില്ല.

350 എപ്പിസോഡ് പൂര്‍ത്തിയാക്കുകയാണ് കേരളാ എക്‌സ്പ്രസ് ഈ ആഴ്ച്ച. അതായത് ഈ പാളത്തില്‍ ഏഴു വര്‍ഷം തികയ്ക്കുന്നു. കാണാന്‍ ആളുകള്‍ കുറഞ്ഞ ഒരു പാവം ടെലിവിഷന്‍ പരിപാടി. പക്ഷേ 350 എപ്പിസോഡുകളിലും നിറയെ ആളുകളായിരുന്നു എന്നതാണ് അഭിമാനം. ബദല്‍ ജീവിതങ്ങളുടെ രാഷ്ട്രീയശക്തി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനസഞ്ചയം തന്നെയായിരുന്നു അത്. അതിജീവനത്തിന്റെ ഏറ്റവും കലര്‍പ്പില്ലാത്ത ഭാഷ ഞങ്ങള്‍ ആത്മാര്‍ത്ഥമായും കേട്ടത് അവിടെയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് നേടിയ പരിപാടിയാണ് കേരളാ എക്‌സ്പ്രസ്. വി കെ ശ്രീരാമന്റെ വേറിട്ട കാഴ്ചകള്‍ക്ക് ശേഷം കൈരളിയില്‍ സംപ്രേഷണം ചെയ്ത പ്രോഗ്രാമുകളില്‍ സവിശേഷ ശ്രദ്ധ നേടിയിട്ടുമുണ്ട് ഈ പരിപാടി. ഹിന്ദു ഐക്യവേദി പരിപാടിയുടെ തലക്കെട്ടില്‍ പ്രതിഷേധിച്ച് കൈരളി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നും വാര്‍ത്തകളുണ്ട്. കൈരളി ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടിയെയും എം.ഡി. ജോണ്‍ ബ്രിട്ടാസിനെയും വ്യക്തിപരമായി അവഹേളിക്കുന്ന രീതിയിലേക്കും സംഘപരിവാര്‍ സൈബര്‍ ആക്രമണം നീങ്ങിയിരുന്നു.

DONT MISS