ശബരിമലയ്ക്ക് വേണ്ടി നാലാഴ്ചക്കുള്ളില്‍ പ്രത്യേക നിയമം നിര്‍മിക്കണമെന്ന് സുപ്രീം കോടതി

ശബരിമലയ്ക്ക് വേണ്ടി പ്രത്യേക നിയമം നിര്മിക്കണമെന്ന് സുപ്രീം കോടതി.
 | 
ശബരിമലയ്ക്ക് വേണ്ടി നാലാഴ്ചക്കുള്ളില്‍ പ്രത്യേക നിയമം നിര്‍മിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയ്ക്ക് വേണ്ടി പ്രത്യേക നിയമം നിര്‍മിക്കണമെന്ന് സുപ്രീം കോടതി. ഒരു മാസത്തിനുള്ളില്‍ നിയമനിര്‍മാണം നടത്തണമെന്നാണ് ജസ്റ്റിസ് രമണയുടെ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പന്തളം രാജകുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭരണ നിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പന്തളം രാജകുടുംബം കോടതിയെ സമീപിച്ചത്. ശബരിമലയ്ക്കായി പ്രത്യേക നിയമം നിര്‍മിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് മാസം മുമ്പ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി.

നിയമനിര്‍മാണം നടത്താത്തതിനെയാണ് കോടതി വിമര്‍ശിച്ചത്. സര്‍ക്കാര്‍ കൈമാറിയ കരട് നിയമത്തില്‍ ബോര്‍ഡ് ഭരണ സമിതിയിലേക്ക് വനിതകളെ ഉള്‍പ്പെടുത്തുമെന്ന വ്യവസ്ഥയുണ്ട്. ഇതിനെ വിമര്‍ശിച്ച കോടതി ഏഴംഗ ബെഞ്ച് മറിച്ചൊരു തീരുമാനമെടുത്താല്‍ വനിതകള്‍ക്ക് എങ്ങനെ ശബരിമലയില്‍ പ്രവേശിക്കാനാകുമെന്നും ചോദിച്ചു.

ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തരുതെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി പറഞ്ഞു. എന്നാല്‍ ലിംഗനീതിയാണ് തങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന നിലപാടെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജി. പ്രകാശ് കോടതിയെ അറിയിച്ചു. തിരുവിതാംകൂറിലെ ബോര്‍ഡിന്റെ ക്ഷേത്രങ്ങളുടെ മുഴുവന്‍ ഭരണസമിതിയെപ്പറ്റിയാണ് നിയമമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.