മസ്തിഷ്‌ക മരണം; സ്വകാര്യ ആശുപത്രികള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്ന ഹര്‍ജിയില്‍ തെളിവു ഹാജരാക്കണമെന്ന് സുപ്രീം കോടതി

കേരളത്തിലെ സ്വകാര്യ ആശുപത്രികള് മസ്തിഷ്ക മരണം സംബന്ധിച്ച് വ്യാജ സര്ട്ടിഫിക്കറ്റുകള് നല്കുന്നുവെന്ന് ആരോപിച്ചു നല്കിയ ഹര്ജിയില് തെളിവ് ഹാജരാക്കാന് നിര്ദേശിച്ച് സുപ്രീം കോടതി.
 | 
മസ്തിഷ്‌ക മരണം; സ്വകാര്യ ആശുപത്രികള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്ന ഹര്‍ജിയില്‍ തെളിവു ഹാജരാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ മസ്തിഷ്‌ക മരണം സംബന്ധിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുവെന്ന് ആരോപിച്ചു നല്‍കിയ ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. ഡോ.എസ്.ഗണപതിയാണ് ഈ ആരോപണം ഉന്നയിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മസ്തിഷ്‌ക മരണം സംഭവിക്കുന്നതിനു മുമ്പായി ഏതൊക്കെ രോഗികള്‍ക്ക് വ്യാജ സര്‍്ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാനാണ് നിര്‍ദേശം. ഇങ്ങനെ ചെയ്ത ആശുപത്രികളെ കേസില്‍ കക്ഷിചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു.

2017ല്‍ എറണാകുളം ലൂര്‍ദ്ദ് ആശുപത്രിക്കെതിരെ മസ്തിഷ്‌ക മരണം നിര്‍ണ്ണയിച്ചതില്‍ പിഴവ് ആരോപിച്ച് ഗണപതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പത്തനംതിട്ട സ്വദേശി പൊടിമോന്‍ എന്നയാളുടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്നാണ് ഗണപതി പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോജേില്‍ നടന്ന ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്ന പേരില്‍ വാര്‍ത്താ പ്രാധാന്യം നേടിയ ഈ ശസ്ത്രക്രിയ നടന്ന് ഒരു മാസത്തിന് ശേഷം പൊടിമോന്‍ മരിച്ചിരുന്നു.

ആലുവ സ്വദേശിയായ കെ.ടി.വിനയകുമാര്‍ എന്നയാളുടെ ഹൃദയമാണ് പൊടിമോന് നല്‍കിയത്. വിനയകുമാറിന്റെ മസ്തിഷ്‌ക മരണം നിര്‍ണ്ണയിക്കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളും 1994ലെ അവയവദാന നിയമവും പാലിച്ചില്ലെന്ന് ഗണപതി ആരോപിച്ചിരുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കേണ്ടത് നാല് ഡോക്ടര്‍മാരുടെ സംഘമാണ്. 6 മണിക്കൂറുകളുടെ ഇടവേളയില്‍ നടത്തുന്ന രണ്ട് ഘട്ടമായുള്ള പരിശോധനകളിലാണ് ഇത് സ്ഥിരീകരിക്കപ്പെടേണ്ടത്.

വിനയകുമാറിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനുള്ള രണ്ടാമത്തെ പരിശോധനയയില്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമേ പങ്കെടുത്തുള്ളുവെന്ന് കണ്ടെത്തി. അതായത് നിയമപരമായി രോഗിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് പ്രഖ്യാപിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിലനില്‍ക്കുന്നതല്ല. ആശുപത്രി നടത്തിയത് കൊലപാതകമാണെന്നും ശരിയായ നിര്‍ണ്ണയം നടക്കാതെ അവയവം മാറ്റിവെക്കാന്‍ കഴിയില്ലെന്നും ഗണപതി ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലൂര്‍ദ് ആശുപത്രിക്ക് അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് നല്‍കിയ അനുമതി സര്‍ക്കാര്‍ താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തിരുന്നു.

അവയവ മാറ്റ ശസ്ത്രക്രിയകള്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായാണ് ആശുപത്രികള്‍ കാണുന്നതെന്നും ഇത്തരം ശസ്ത്രക്രിയകളിലൂടെ സ്വകാര്യാശുപത്രികള്‍ ഓരോ വര്‍ഷവും കോടികളാണ് സമ്പാദിക്കുന്നതെന്നും ഗണപതി ആരോപിച്ചിരുന്നു.