ചര്‍ച്ച് ആക്ട് വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ചര്ച്ച് ആക്ട് നടപ്പാക്കാന് കേന്ദ്രത്തിന് നിര്ദേശം നല്കണമെന്ന ഹര്ജി സുപ്രീം കോടതി തള്ളി.
 | 
ചര്‍ച്ച് ആക്ട് വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. നിയമ നിര്‍മാണത്തിന് സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന്‍, എസ്.രവീന്ദ്രഭട്ട് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിവിധ സംസ്ഥാനങ്ങളില്‍ ചര്‍ച്ച് ആക്ട് നിലവിലുണ്ടെന്നും ദേശീയ തലത്തില്‍ ചര്‍ച്ച് ആക്ട് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

ഗുഡല്ലൂര്‍ എം ജെ ചെറിയാനും മറ്റ് മൂന്ന് പേരുമാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയത്. കേരള നിയമപരിഷ്‌കാരക്കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരാണ് 2009ല്‍ ചര്‍ച്ച് ആക്ടിന് രൂപം നല്‍കിയത്. സഭയുടെ ത്രിതല ട്രസ്റ്റുകളുടെ ഭരണ സമിതികള്‍ ഇടവകാംഗങ്ങള്‍ യോഗം ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന വിധത്തിലായിരുന്നു ഇത് വിഭാവനം ചെയ്തിരുന്നത്. ഇതിനെ കെസിബിസി എതിര്‍ത്തിരുന്നു.

ചര്‍ച്ച് ആക്ട് നിലവില്‍ പല സംസ്ഥാനങ്ങളിലും ഉണ്ടെങ്കിലും കേരളത്തില്‍ അത്തരമൊരു നിയമമില്ലെന്നാണ് ഹര്‍ജിക്കാര്‍ അറിയിച്ചത്. സംസ്ഥാനത്തും അത് പാസാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റ നിലപാട്.