ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

കന്യാസ്ത്രീ പീഡനക്കേസില് പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല് നല്കിയ ഹര്ജി സുപ്രീം കോടതി തള്ളി
 | 
ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ വിചാരണ നേരിടേണ്ടി വരുമെന്നും പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

കോടതിക്ക് മേല്‍ ആത്മീയ ശക്തി പ്രയോഗിക്കനാണോ ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ഫ്രാങ്കോയുടെ അഭിഭാഷകനോട് ചോദിച്ചു. പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കേരള ഹൈക്കോടതിയില്‍ ഫ്രാങ്കോ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയും തള്ളിയിരുന്നു.

സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് സുപ്രീം കോടതിയില്‍ ഫ്രാങ്കോ വാദിച്ചത്. അധികാരദുര്‍വിനിയോഗം നടത്തി, അന്യായമായി തടവില്‍ വെച്ചു, ലൈംഗികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ഫ്രാങ്കോയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

കേസില്‍ തുടര്‍ച്ചയായി ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് വിചാരണക്കോടതിയായ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഫ്രാങ്കോയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. കോവിഡ് ബാധിത മേഖലയായതിനാല്‍ കോടതിയില്‍ എത്താന്‍ കഴിയില്ലെന്നായിരുന്നു നേരത്തേ ഫ്രാങ്കോ അറിയിച്ചത്.