പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ച് സുപ്രീം കോടതി

പത്മനാഭസ്വാമി ക്ഷേത്രത്തില് രാജകുടുംബത്തിനുള്ള അധികാരം അംഗീകരിച്ച് സുപ്രീം കോടതി വിധി.
 | 
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിനുള്ള അധികാരം അംഗീകരിച്ച് സുപ്രീം കോടതി വിധി. ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിക്കായിരിക്കും ക്ഷേത്രത്തിന്റെ ഭരണച്ചുമതല. ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് യു.യു.ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

രാജകുടുംബത്തിന്റെ അവകാശം ചില നിബന്ധനകളോടെയാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭരണസമിതിയായിരിക്കും തീരുമാനം എടുക്കുന്നത്. ഭരണസമിതിയില്‍ അഹിന്ദുക്കള്‍ പാടില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2011ലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ക്ഷേത്രത്തിന്റെ ആസ്തികളും ഭരണവും ഏറ്റെടുക്കണമെന്നായിരുന്നു വിധി.

നിലവറകള്‍ തുറന്ന് ആസ്തികളുടെ മൂല്യം കണക്കാക്കണം, നിധികള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയം ഉണ്ടാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ എന്നിവരുടെ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലുണ്ടായിരുന്നു. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നും വിധിയില്‍ പറഞ്ഞിരുന്നു.

ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന പരാമര്‍ശത്തിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടത്.