പുത്തുമലയിലും കവളപ്പാറയിലും തെരച്ചില്‍ തുടരുന്നു

ഹൈദരാബാദില് നിന്ന് എത്തിച്ച ജിപിആര് ഉപയോഗിച്ചുള്ള തെരച്ചില് കവളപ്പാറയില് ഫലം കണ്ടില്ലെന്നാണ് വിവരം
 | 
പുത്തുമലയിലും കവളപ്പാറയിലും തെരച്ചില്‍ തുടരുന്നു

പുത്തുമല: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും തെരച്ചില്‍ തുടരുന്നു. കവളപ്പാറയില്‍ പതിനൊന്ന് പേരെയും പുത്തുമലയില്‍ 5 പേരെയുമാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തെരച്ചിലില്‍ ഇരു സ്ഥലങ്ങളില്‍ നിന്നും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജിയോളജി ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് പരിശോധനയ്ക്കായി കവളപ്പാറയിലെത്തിയേക്കും.

അതേസമയം ഹൈദരാബാദില്‍ നിന്ന് എത്തിച്ച ജിപിആര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ കവളപ്പാറയില്‍ ഫലം കണ്ടില്ലെന്നാണ് വിവരം. പുത്തുമലയിലെ ദുരന്തമുഖത്ത് നിന്ന് തെരച്ചില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാനാണ് അധികൃതരുടെ ശ്രമം. ഇന്ന് ജില്ലയുടെ പുറത്തേക്ക് തെരച്ചില്‍ വ്യാപിപ്പിക്കും. ഇതിനായി 25 അംഗ ദൗത്യ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂപ്പനാട് പഞ്ചായത്തിലെ പരപ്പന്‍പാറയില്‍ നിന്ന് നിലമ്പൂരിനടുത്ത് മുണ്ടേരി വരെയാണ് ചാലിയാറിലൂടെ തെരച്ചില്‍ നടത്തുക.

പുത്തുമലയില്‍ നിന്നും കാണാതായവര്‍ക്കായി സൂചിപ്പാറയുടെ ഭാഗങ്ങളിലാണ് ഇന്നലെ തെരച്ചില്‍ നടന്നത്. രണ്ട് ദിവസം മുന്‍പ് പുത്തുമലയില്‍ ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ആറ് കിലോ മീറ്റര്‍ ദുരത്തുള്ള സൂചിപ്പാറയിലേക്ക് തെരച്ചില്‍ മാറ്റിയത്. മലവെള്ളപ്പാച്ചിലില്‍ ആളുകള്‍ ഒലിച്ചുപോവാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. സൂചിപ്പാറയുടെ ഭാഗങ്ങളില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.