കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ സുഹൃത്തായ സ്ത്രീക്ക് വേണ്ടി തെരച്ചില്‍

കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്തായ സ്ത്രീക്ക് വേണ്ടി തെരച്ചില്.
 | 
കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ സുഹൃത്തായ സ്ത്രീക്ക് വേണ്ടി തെരച്ചില്‍

കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്തായ സ്ത്രീക്ക് വേണ്ടി തെരച്ചില്‍. കോഴിക്കോട് എന്‍ഐടി പരിസരത്ത് തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെയാണ് പോലീസ് തെരയുന്നത്. ജോളിയുടെ ഫോണില്‍ ഇവരുമൊത്ത് നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ജോളി കൈമാറിയിട്ടില്ലെന്നാണ് വിവരം.

ഈ യുവതിയെ ചോദ്യം ചെയ്താല്‍ എന്‍ഐടിയുമായി ബന്ധപ്പെട്ട് ജോളിയുടെ ദുരൂഹതകള്‍ പുറത്തു കൊണ്ടുവരാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോല്‍സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്‍ഐടി പരിസരത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ്. വാര്യര്‍ എന്നിവരാണ് ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു പോലീസ് ആദ്യഘട്ടത്തില്‍ കണ്ടെത്തിയത്. പിന്നീട് ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഈ യുവതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.