കേരളത്തില്‍ വീണ്ടും കൊറോണ മരണം; ആശങ്കയുയര്‍ത്തി പൂര്‍ണ്ണമല്ലാത്ത റൂട്ട് മാപ്പ്

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ടാമത്തെ മരണം.
 | 
കേരളത്തില്‍ വീണ്ടും കൊറോണ മരണം; ആശങ്കയുയര്‍ത്തി പൂര്‍ണ്ണമല്ലാത്ത റൂട്ട് മാപ്പ്

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ടാമത്തെ മരണം. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് (68) ആണ് മരിച്ചത്. മാര്‍ച്ച് 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ആദ്യത്തെ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്ന ഇയാള്‍ക്ക് രണ്ടാമത്തെ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

വൃക്ക രോഗവും ശ്വാസകോശ സംബന്ധമായ രോഗവും ഇയാള്‍ക്ക് ഉണ്ടായിരുന്നു. അബ്ദുള്‍ അസീസിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വേങ്ങോടുള്ള പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ ജലദോഷം ബാധിച്ചാണ് ആദ്യം എത്തിയത്. തുടര്‍ന്ന് വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെത്തി. അവിടെവെച്ച് കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

സെക്കന്‍ഡറി കോണ്‍ടാക്ടില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്നാണ് സൂചന. എന്നാല്‍ അബ്ദുള്‍ അസീസിന്റെ റൂട്ട് മാപ്പ് പൂര്‍ണ്ണമായി തയ്യാറാക്കാന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. മാര്‍ച്ച് 18നാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇയാള്‍ എത്തിയത്. എന്നാല്‍ അതിന് മുന്‍പായി 14-ാം തിയതി അയിരുപ്പാറ ഫാര്‍മേഴ്‌സ് ബാങ്കില്‍ ചിട്ടി ലേലത്തില്‍ പങ്കെടുത്തിരുന്നു. നൂറോളം പേര്‍ ഇതില്‍ പങ്കെടുത്തിട്ടുണ്ട്.

രണ്ട് വെള്ളിയാഴ്ചകളില്‍ ജുമാ നമസ്‌കാരത്തിനും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. അബ്ദുള്‍ അസീസിന്റെ ഭാര്യ കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായ മകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നത് വരെ ഡ്യൂട്ടിക്ക് പോയിട്ടുണ്ടെന്നും വിവരമുണ്ട്.