Tuesday , 25 February 2020
News Updates

കോര്‍പറേറ്റുകളുടെ ജോബ് കില്ലിംഗും സനീഷിനെതിരായ വ്യാജ വാര്‍ത്തകളും; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്ക് പ്രതികരിക്കുന്നു

മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ന്യൂസ് 18 അവതാരകന്‍ സനീഷ് ഇളയടത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്ക്. വന്‍കിട കോര്‍പറേറ്റ് കമ്പനികളില്‍ നടക്കുന്ന ജോബ് കില്ലിംഗാണ് ന്യൂസ് 18ിനിലും ഉണ്ടായത്. ഇത്തരത്തിലൊരു പിരിച്ചുവിടല്‍ നോട്ടീസിന് മുന്നില്‍ ആരും ഒന്ന് പതറിപ്പോയതാകും ന്യൂസ് 18 കേരളം ചാനലിലെ ആ മാധ്യമ പ്രവര്‍ത്തകയും അങ്ങനെ പതറിയതാണ്.

എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ ചില മാധ്യമപ്രവര്‍ത്തകരെ പേരെടുത്ത് പറഞ്ഞ് അക്രമിക്കാന്‍ കൃത്യമായ തിരനാടകത്തോടെ ചില ഓണ്‍ലൈന്‍ വാറോലകളും മുഖമുള്ളതും ഇല്ലാത്തതുമായ അവരുടെ സൈബര്‍ കൂട്ടാളികളും ശ്രമം നടത്തുന്നുവെന്ന് നജിം ആരോപിക്കുന്നു. പിരിച്ചുവിടല്‍ ആത്മഹത്യാശ്രമത്തിനുള്ള പ്രേരണയായെങ്കില്‍ ആ തീരുമാനമെടുത്ത മാനേജ്‌മെന്റും നടപ്പാക്കിയ ഉദ്യോഗസ്ഥ പ്രതിനിധികളുമാണ് കുറ്റക്കാര്‍. അവര്‍ക്കെതിരെ കേസെടുക്കാം. എന്നാല്‍ സനീഷിനെ പോലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ഇതിലേക്ക് വലിച്ചിഴച്ച് അക്രമിക്കുന്നതിന് പിന്നില്‍ എന്താണെന്ന് നജിം ചോദിക്കുന്നു.

ഇതുവരെയുണ്ടായ സംഭവങ്ങളില്‍, മനസിലാക്കാനായ സനീഷിന്റെ ബന്ധം, ആത്മഹത്യാശ്രമം നടത്തിയ മാധ്യമപ്രവര്‍ത്തകയെ ജോലിയിലെ ഒരു പിഴവിന് അവരുടെ മേലുദ്യോഗസ്ഥനെന്ന നിലയില്‍ വഴക്കുപറഞ്ഞു എന്നത് മാത്രമാണ്. അതും മൂന്നുനാല് മാസം മുമ്പുണ്ടായ സംഭവം. അതിനെയാണ് പീഡനവും (അതും ദലിത് പീഡനം) അശ്‌ളീലം പറച്ചിലുമാക്കി ഈ വാറോലകള്‍ കഥകള്‍ മെനയുന്നത്. മേലുദ്യോഗസ്ഥരില്‍ നിന്ന് ചെറുതായെങ്കിലും വഴക്കുകേള്‍ക്കാത്ത ആരെങ്കിലുമുണ്ടാകുമോയെന്നും നജീം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

പോസ്റ്റ് വായിക്കാം

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ്. കല്‍ക്കത്തയിലെ ടെലഗ്രാഫ് പത്രത്തിന്റെ ഓഫീസിലായിരുന്നു എന്നാണോര്‍മ. എവിടെയോ വായിച്ചതാണ്. അതിനി ടെലഗ്രാഫ് പത്രമല്ല മറ്റേതൊരു പത്രമാണെങ്കിലും പത്രമല്ല മറ്റെന്ത് സ്ഥാപനമാണെങ്കിലും അങ്ങനെയൊക്കെ തന്നെയാണ് സംഭവിക്കുക. രാവിലെ എല്ലാവരും ജോലിക്കത്തെിയിരിക്കുന്നു. അവരവരുടെ സീറ്റുകളില്‍ ഇരുന്ന് ജോലി തുടങ്ങുന്നു. പെട്ടെന്നാണ് ആ വലിയ ഓഫീസ് മന്ദിരത്തിലെ പല കോണുകളില്‍ നിന്ന് നിലവിളികളും പൊട്ടിക്കരച്ചിലുകളും തേങ്ങലുകളും ഉയര്‍ന്നത്.

ഒരു കൂട്ടപ്പിരിച്ചുവിടലിന്റെ ആഫ്റ്റര്‍ എഫക്ടായിരുന്നു അത്. ജീവനക്കാരില്‍ പലരേയും കാത്തിരുന്നത് പിരിച്ചുവിടല്‍ നോട്ടീസായിരുന്നു. പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്ന സ്ഥാപനം ജീവനക്കാരെ കുറക്കാന്‍ സ്വീകരിച്ച നടപടി. പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് നല്‍കിയ മുന്നറിയിപ്പ് നോട്ടീസ്.

സ്ഥാപനത്തിന് കാരണങ്ങളുണ്ടായിരുന്നു. പിടിച്ചുനില്‍ക്കണമെങ്കില്‍ ചെലവ് കുറയ്ക്കണം. അതിന് ജീവനക്കാരെ കുറയ്ക്കണം. സ്വമേധയാ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് കൊടുക്കുകയല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. നിലവിളിച്ചതിനും പൊട്ടിക്കരഞ്ഞതിനും മോഹാലസ്യപ്പെട്ട് വീണതിനും ഇരുന്ന കസേരയില്‍ നിന്നെഴുന്നേല്‍ക്കാന്‍ കൂട്ടാക്കാതെ ബലംപിടിച്ചിരുന്നതിനും ജീവനക്കാര്‍ക്കും കാരണങ്ങളുണ്ടായിരുന്നു.

ആ നോട്ടീസ് അവരുടെ മുഴുവന്‍ വെളിച്ചങ്ങളെയും മായ്ച്ച് കളയുന്നതായിരുന്നു. നേരിയ സന്തോഷത്തെ പോലും തല്ലിക്കെടുത്തുന്നതായിരുന്നു. അവരുടെ മുന്നില്‍ പെട്ടെന്ന് ഇരുട്ട് നിറയ്ക്കുന്നതായിരുന്നു. അടുത്ത നിമിഷത്തെ എങ്ങനെ അതിജീവിക്കുമെന്നറിയാത്ത ആകുലതയിലേക്ക് വലിച്ചെറിയുന്നതായിരുന്നു. ഭാവിയെ വലിയ ചോദ്യചിഹ്നമാക്കി മുന്നില്‍ കൊണ്ടുനിറുത്തുന്നതായിരുന്നു. ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്നുപോലും ചിന്തിപ്പിക്കുന്നതായിരുന്നു.

കൂട്ടപ്പിരിച്ചുവിടല്‍ ലോകത്തൊട്ടാകെ ഇന്നൊരു പതിവ് സംഭവം മാത്രം. ‘ജോബ് കില്ലിങ്’ വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളിലടക്കം ആചാരമാണിന്ന്. പെര്‍ഫോര്‍മന്‍സ് പരിശോധിച്ച് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനികളില്‍ ജോബ് കില്ലര്‍മാരുടെ വിങ് തന്നെയുണ്ടത്രെ. ഇമ്മാനുവേല്‍ എന്ന മലയാള സിനിമയില്‍ അത് നമ്മള്‍ കണ്ടതുമാണ്.

ഇത്തരത്തിലൊരു പിരിച്ചുവിടല്‍ നോട്ടീസിന് മുന്നില്‍ ഒന്ന് പതറിപ്പോയതാകും ന്യൂസ് 18 കേരളം ചാനലിലെ ആ മാധ്യമ പ്രവര്‍ത്തകയും. എന്തായാലും ദൗര്‍ഭാഗ്യകരമായ സംഭവം. അവര്‍ അപകടനില തരണം ചെയ്‌തെന്നും ജീവിതത്തിലേക്ക് തിരിച്ചുകയറിയെന്നും അറിയുമ്പോള്‍ ആശ്വാസം തോന്നുന്നു.

എന്നാല്‍ ഈ സംഭവത്തെ ചിലര്‍ തങ്ങളുടെ മനസിലെ ചൊറിച്ചിലിന് സുഖം വരുത്താന്‍ ഉപയോഗിക്കുന്നതായി കണ്ടു. സംഭവത്തിന്റെ പേരില്‍ ചില മാധ്യമപ്രവര്‍ത്തകരെ പേരെടുത്ത് പറഞ്ഞ് അക്രമിക്കാന്‍ കൃത്യമായ തിരനാടകത്തോടെ ചില ഓണ്‍ലൈന്‍ വാറോലകളും മുഖമുള്ളതും ഇല്ലാത്തതുമായ അവരുടെ സൈബര്‍ കൂട്ടാളികളും ശ്രമം നടത്തുന്നു. ആടിനെ പട്ടിയാക്കല്‍.

പിരിച്ചുവിടല്‍ ആത്മഹത്യാശ്രമത്തിനുള്ള പ്രേരണയായെങ്കില്‍ ആ തീരുമാനമെടുത്ത മാനേജ്‌മെന്റും നടപ്പാക്കിയ ഉദ്യോഗസ്ഥ പ്രതിനിധികളുമാണ് കുറ്റക്കാര്‍. അവര്‍ക്കെതിരെ കേസുമെടുക്കാം. എന്നാല്‍ സനീഷിനെ പോലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ഇതിലേക്ക് വലിച്ചിഴച്ച് അക്രമിക്കുന്നതിന് പിന്നില്‍ എന്താണ്? സനീഷിനെ പോലുള്ള മാധ്യമപ്രവര്‍ത്തകരുടെ ബോള്‍ഡ്‌നെസ്സ്, പൊതുവിഷയങ്ങളിലെ നിലപാടുകള്‍ ഇതെല്ലാം കൊണ്ട് അസ്വസ്ഥരായി തീര്‍ന്ന ഒരു വിഭാഗത്തിന്റെ കരുതിക്കൂട്ടിയുള്ള നീക്കമാണെന്നേ ഇതിനെ കാണാന്‍ പറ്റൂ. കിട്ടിയ അവസരം അവര്‍ മുതലാക്കുന്നു.

ഇതുവരെയുണ്ടായ സംഭവങ്ങളില്‍, മനസിലാക്കാനായ സനീഷിന്റെ ബന്ധം, ആത്മഹത്യാശ്രമം നടത്തിയ മാധ്യമപ്രവര്‍ത്തകയെ ജോലിയിലെ ഒരു പിഴവിന് അവരുടെ മേലുദ്യോഗസ്ഥനെന്ന നിലയില്‍ വഴക്കുപറഞ്ഞു എന്നത് മാത്രമാണ്. അതും മൂന്നുനാല് മാസം മുമ്പുണ്ടായ സംഭവം. അതിനെയാണ് പീഡനവും (അതും ദലിത് പീഡനം) അശ്‌ളീലം പറച്ചിലുമാക്കി ഈ വാറോലകള്‍ കഥകള്‍ മെനയുന്നത്.

മേലുദ്യോഗസ്ഥരില്‍ നിന്ന് ചെറുതായെങ്കിലും വഴക്കുകേള്‍ക്കാത്ത ആരെങ്കിലുമുണ്ടാകുമോ? വാര്‍ത്തയെന്ന നിലയില്‍ ഞാനെഴുതിവെക്കുന്നതിനെ, പേജ് എന്ന നിലയില്‍ ഞാന്‍ ചെയ്തുവെക്കുന്നതിനെ എന്തോന്നഡേയ് ഇത് എന്ന് ചോദിച്ച് വഴക്കുകേള്‍ക്കാതെ വളര്‍ന്ന ഒരു ജോലി കാലം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. വാര്‍ത്തയുടെ ദൈര്‍ഘ്യം കൂടിപ്പോയാല്‍ കാളയെ പോലെ ചറപറാാ ഇങ്ങനെ മൂത്രമൊഴിച്ചുവെക്കുന്നത് എന്തിനാ എന്ന പരിഹാസം കേള്‍ക്കാത്ത ഒരു ദിനവും കടന്നുപോയിട്ടുമില്ല.

ആയതിനാല്‍ ജോലിയിടത്തില്‍ ജോലിയിലെ പിഴവിന് മേലധികാരികള്‍ ശകാരിക്കും. അതില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന എന്തെങ്കിലുമുണ്ടായിരുന്നോ, കേട്ടാലറയ്ക്കുന്ന അസഭ്യമുണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നതും അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കുന്നതും വേണ്ടത് തന്നെയാണ്. ജോലിയുടെ പേരില്‍ ആണെങ്കില്‍ പോലും സ്ത്രീത്വം അപമാനിക്കപ്പെടാന്‍ പാടില്ല. സ്ത്രീത്വം മാത്രമല്ല ഒരു വ്യക്തിയും ജോലിയുടെ പേരില്‍ പീഡിപ്പിക്കപ്പെടാന്‍ പാടില്ല.

എന്നാല്‍ ഈ സംഭവത്തില്‍ ഇക്കാര്യം ഇനിയും അന്വേഷിച്ച് തെളിയിക്കപ്പെടേണ്ട സംഗതിയാണ്. സനീഷ് ആ നിലയില്‍ പോലും ഈ കേസില്‍ പ്രതിയല്ല. എഫ്.ഐ.ആര്‍ പരാമര്‍ശം പോലുമില്ലാതിരിക്കെ സനീഷിന്റെ പടം വെച്ച് വ്യാജ വാര്‍ത്തകള്‍ ചമക്കുന്ന വാറോലകള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ സനീഷ് വരും എന്ന പ്രതീക്ഷയോടെ….

DONT MISS