തിരുവനന്തപുരം പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവം; സെൻകുമാറിനെതിരെ കേസെടുത്തു

വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരെ പോലീസ് കേസെടുത്തു.
 | 
തിരുവനന്തപുരം പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവം; സെൻകുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ സംഘം ചേർന്ന് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതിനാണ് നടപടി. മാധ്യമപ്രവർത്തകനായ കടവിൽ റഷീദ് നൽകിയ പരാതിയിൽ കന്റോൺമെന്റ് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

‌ടിപി സെൻകുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനെതിരെയായിരുന്നു ഇവർ വാർത്താസമ്മേളനം നടത്തിയത്. ഇതിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് സെൻകുമാർ തട്ടിക്കയറി. സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യമാണ് പ്രകോപനമായത്.

വെള്ളാപ്പള്ളിക്കെതിരായ പരാമർശത്തിൽ താങ്കൾ ഡിജിപി ആയിരുന്നപ്പോൾ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോൾ സെൻകുമാർ ക്ഷുഭിതനാകുകയായിരുന്നു. ഇതേത്തുടർന്ന് കടവിൽ റഷീദിനെ തനിക്ക് മുന്നിലേക്ക് വിളിച്ചു വരുത്തിയ സെൻകുമാർ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുകയും റഷീദിനെ പുറത്താക്കണമെന്ന് പറയുകയും ചെയ്തു. ഇതോടെ സെൻകുമാറിനൊപ്പം എത്തിയവർ റഷീദിനെ പിടിച്ച് തള്ളുകയും ചെയ്തിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന മറ്റ് 8 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.