കൂടുതല്‍ പ്രതിഫലം ലഭിക്കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ല; വീണ്ടും ഇടഞ്ഞ് ഷെയ്ന്‍ നിഗം

നിര്മാതാക്കളുമായി വീണ്ടു ഇടഞ്ഞ് ഷെയ്ന് നിഗം.
 | 
കൂടുതല്‍ പ്രതിഫലം ലഭിക്കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ല; വീണ്ടും ഇടഞ്ഞ് ഷെയ്ന്‍ നിഗം

കൊച്ചി: നിര്‍മാതാക്കളുമായി വീണ്ടു ഇടഞ്ഞ് ഷെയ്ന്‍ നിഗം. കൂടുതല്‍ പ്രതിഫലം നല്‍കാതെ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്ന് ഷെയ്ന്‍ നിലപാടെടുത്തു. തര്‍ക്കം പരിഹരിക്കുന്നതിന് ജനുവരി 6നുള്ളില്‍ ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന കത്തും ഷെയ്‌ന് നല്‍കിയിരുന്നു. എന്നാല്‍ ഷെയ്ന്‍ ഡബ്ബിംഗിന് എത്താന്‍ തയ്യാറാകുന്നില്ല.

പ്രതിഫലം കൂട്ടി നല്‍കാതെ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കില്ലെന്നാണ് ഷെയ്ന്‍ പറയുന്നതെന്നാണ് വിവരം. 2017ല്‍ 27 ലക്ഷം രൂപയ്ക്ക് കരാറുറപ്പിച്ച സിനിമയ്ക്ക് ഇന്നത്തെ വിപണി മൂല്യമനുസരിച്ച് 45 ലക്ഷം രൂപയാണ് ഷെയ്ന്‍ ആവശ്യപ്പെട്ടത്. പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍മാതാക്കളും അമ്മയുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളു എന്ന നിലപാടിലാണ് ഷെയ്ന്‍.

ഷെയ്‌നും നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ജനുവരി 9ന് ചേരാനിരിക്കുകയാണ്. ഈ യോഗത്തിലേക്ക് ഷെയ്‌നെ വിളിച്ചു വരുത്തും. ഷെയ്‌ന്റെ നിലപാട് അറിഞ്ഞതിന് ശേഷം വിഷയം നിര്‍മാതാക്കളുമായി ചര്‍ച്ച ചെയ്യാനാണ് താരസംഘടന തീരുമാനിച്ചിരിക്കുന്നത്. ഇതിനിടയിലാണ് പുതിയ പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്.