ഷിഗെല്ല കുടല്‍ തുരന്നു തിന്നുന്ന ബാക്ടീരിയയോ? അതിസാരത്തെക്കുറിച്ച് കൂടുതല്‍ അറിയാം

നിപ്പയ്ക്ക് ശേഷം കോഴിക്കോടും പരിസര പ്രദേശങ്ങളിലും കുടല് തുരന്നു തിന്നുന്ന ബാക്ടീരിയ വ്യാപിക്കുന്നു എന്ന വാര്ത്ത കഴിഞ്ഞ ദിവസം മുതല് പ്രചരിക്കുന്നുണ്ട്. ചില മുഖ്യധാരാ മാധ്യമങ്ങളിലും ഈ വിധത്തില് വാര്ത്തകള് വന്നു. ഷിഗെല്ല ബാക്ടീരിയയാണ് വില്ലന് എന്നായിരുന്നു വാര്ത്ത. അതിസാരം എന്ന ഗുരുതരമായ വയറിളക്ക രോഗവും അതിനോടനുബന്ധിച്ചുള്ള ആരോഗ്യ പ്രശ്നങ്ങള്ക്കും കാരണമാകുന്ന ഷിഗെല്ല ബാക്ടീരിയയെയും ഇത് ബാധിക്കുന്നതു മൂലമുണ്ടാകുന്ന ഷിഗെല്ലോസിസ് എന്ന അതിസാരത്തെയും കുറിച്ച് കൂടുതല് വിവരങ്ങള് പങ്കുവെക്കുകയാണ് ഡോക്ടര്മാരുടെ ഫെയിസ്ബുക്ക് കൂട്ടായ്മയായ ഇന്ഫോക്ലിനിക്ക്.
 | 

ഷിഗെല്ല കുടല്‍ തുരന്നു തിന്നുന്ന ബാക്ടീരിയയോ? അതിസാരത്തെക്കുറിച്ച് കൂടുതല്‍ അറിയാം

നിപ്പയ്ക്ക് ശേഷം കോഴിക്കോടും പരിസര പ്രദേശങ്ങളിലും കുടല്‍ തുരന്നു തിന്നുന്ന ബാക്ടീരിയ വ്യാപിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മുതല്‍ പ്രചരിക്കുന്നുണ്ട്. ചില മുഖ്യധാരാ മാധ്യമങ്ങളിലും ഈ വിധത്തില്‍ വാര്‍ത്തകള്‍ വന്നു. ഷിഗെല്ല ബാക്ടീരിയയാണ് വില്ലന്‍ എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ എന്താണ് ഇതിലെ വാസ്തവം? അതിസാരം എന്ന ഗുരുതരമായ വയറിളക്ക രോഗവും അതിനോടനുബന്ധിച്ചുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഷിഗെല്ല ബാക്ടീരിയയെയും ഇത് ബാധിക്കുന്നതു മൂലമുണ്ടാകുന്ന ഷിഗെല്ലോസിസ് എന്ന അതിസാരത്തെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുകയാണ് ഡോക്ടര്‍മാരുടെ ഫെയിസ്ബുക്ക് കൂട്ടായ്മയായ ഇന്‍ഫോക്ലിനിക്ക്.

പോസ്റ്റ് വായിക്കാം

നിസ്സാരമല്ല അതിസാരം…
കുടല്‍ തുരന്നു തിന്നുന്ന ബാക്ടീരിയ എന്ന രീതിയില്‍ ഒക്കെ ഭീതിജനക സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് ‘ഷിഗെല്ലോസിസ്’നെ അറിയുക

ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്രാജ്യങ്ങളില്‍ ഒന്നായ മുഗള്‍സാമ്രാജ്യം അതിന്റെ പരമോന്നതിയില്‍ എത്തിയത് ഒരുപക്ഷേ അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്തായിരിക്കാം. 40 ലക്ഷത്തിലേറെ സ്‌ക്വയര്‍ കിലോമീറ്റര്‍ പരന്നുകിടന്ന, ലോകത്തിന്റെ ജിഡിപിയുടെ നാലിലൊന്ന് സംഭാവന ചെയ്ത കൂറ്റന്‍ സാമ്രാജ്യം. അതിന് ഒരേയൊരു ചക്രവര്‍ത്തി. എന്നാല്‍ 1605 ഒക്ടോബര്‍ 3ന് കടുത്ത വയറിളക്കവും രക്തം പോക്കുമായി ചക്രവര്‍ത്തി ശയ്യാവലംബിയായി. ആ രോഗബാധയില്‍ നിന്ന് ചക്രവര്‍ത്തിക്ക് പിന്നെ മോചനം ഉണ്ടായില്ല. മൂന്നാഴ്ചയ്ക്കകം രോഗം മൂര്‍ച്ഛിച്ച് അദ്ദേഹം മരണപ്പെട്ടു . ഗംഗാ ജലം പാനം ചെയ്തതുവഴി അദ്ദേഹത്തിന്റെ ശരീരത്തില്‍ എത്തിയ ഷിഗെല്ലാ രോഗാണുവായിരുന്നു ഈ മാരക രോഗത്തിനു കാരണമെന്ന് നാമിന്നു കരുതുന്നു. അക്ബറും മുഗള്‍ സാമ്രാജ്യവും മണ്ണടിഞ്ഞിട്ട് നൂറ്റാണ്ടുകളായെങ്കിലും ഷിഗെല്ല ഇന്നും ആളുകളെ കൊല്ലുന്നു. അതുയര്‍ത്തുന്ന ഭീതി പാശ്ചാത്യ നാടുകള്‍ മുതല്‍ നമ്മുടെ കൊച്ചു കേരളം വരെ നീളുന്നു.
1897ല്‍ ജാപ്പനീസ് മൈക്രോബയോളജിസ്റ്റ് ആയ ‘കിയോഷി ഷിഗ’ ആണ് ഈ രോഗാണുവിനെ തിരിച്ചറിഞ്ഞത്. അക്കാലത്ത് ജപ്പാനില്‍ പൊട്ടിപ്പുറപ്പെട്ട ചുവന്ന വയറിളക്കം എന്ന അസുഖത്തെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന് ഈ രോഗാണുവിനെ തിരിച്ചറിയാനായത്. അന്ന് അദ്ദേഹം ഇതിന് നല്‍കിയത് ‘ബാസില്ലസ് ഡിസെന്റ്രിയേ’ എന്ന നാമം ആയിരുന്നെങ്കിലും പിന്നീട് 1930 അത് ‘ഷിഗല്ല’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
കാലവര്‍ഷക്കെടുതിയുടെ ഭാഗമായി വയറിളക്കരോഗങ്ങള്‍ പെരുകിത്തുടങ്ങി. കുടിവെള്ളം മലിനമാകുന്നതാണ് പ്രധാന കാരണം. കുറച്ചു കൂടി വ്യക്തമാക്കിയാല്‍ മനുഷ്യമലം കലര്‍ന്ന വെള്ളമോ ഭക്ഷണമോ കഴിക്കുമ്പോളാണ് ഈ കോളി, ഷിഗെല്ലാ എന്നീ ബാക്ടീരിയകളെക്കൊണ്ടുള്ള വയറിളക്കം ഉണ്ടാകുന്നത്. ഇത്രയും മനസ്സിലാക്കിയാല്‍ ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന് മനസ്സിലാക്കല്‍ വളരെ സിംപിള്‍ ആണ്.
വയറിളക്കരോഗങ്ങളില്‍ 90%ല്‍ അധികവും വെള്ളം പോലെ മലം പോകുന്ന (അക്യൂട്ട് വാട്ടറി ഡയേറിയ) തരം വയറിളക്കമാണ്. കൂടുതലും വൈറസുകളാണ് ഇതിന് കാരണമെങ്കിലും, മേല്‍പറഞ്ഞ ബാക്ടീരിയകളും, വിബ്രിയോ കോളറാ എന്ന ബാക്ടീരയും ഇത്തരം രോഗം ഉണ്ടാക്കാം.
മുന്‍ കാലങ്ങളില്‍ കുട്ടികളുടെ മരണത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണം അക്യൂട്ട് വാട്ടറി ഡയേറിയ ആയിരുന്നു. മലത്തിലൂടെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലമുണ്ടാകുന്ന നിര്‍ജ്ജലീകരണം മൂലമായിരുന്നു മരണങ്ങളില്‍ ഭൂരിഭാഗവും. എന്നാല്‍ ORS ന്റെ ആവിര്‍ഭാവവും, വിവേകപൂര്‍ണ്ണമായ ഉപയോഗവും കാരണം ഈ രോഗം മൂലമുള്ള മരണം ഏതാണ്ട് ഇല്ലാതായി എന്നു തന്നെ പറയാം.

പത്ത് ശതമാനത്തില്‍ താഴെ വയറിളക്ക രോഗങ്ങളില്‍ മലത്തില്‍ രക്തവും കഫവും കൂടെ കലര്‍ന്നിരിക്കും.ഇത്തരം വയറിളക്കങ്ങളെയാണ് Acute Dystentery എന്ന് പറയുന്നത്. ഷിഗെല്ല എന്ന ബാക്ടീരിയയാണ് ഇത്തരം വയറിളക്കത്തിന് പ്രധാന കാരണം.
ആഗോളതലത്തില്‍ ഈ ഒരു രോഗം പ്രതിവര്‍ഷം ഏകദേശം ആറു ലക്ഷത്തോളം ജനങ്ങളെ കൊന്നൊടുക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.പൊതുവേ രണ്ടു വയസ്സിനും നാലു വയസ്സിനുമിടയിലുള്ള കുട്ടികളിലാണ് ഈ രോഗാണുബാധ അധികമായും കണ്ടുവരുന്നത്.
രോഗം ബാധിച്ച രോഗിയുടെ മലം കുടിവെള്ളത്തില്‍ കലരുന്നത് വഴിയാണ് ഈ രോഗം മറ്റൊരു വ്യക്തിയിലേക്ക് പടരുന്നത്. നമ്മള്‍, നമ്മുടെ ഭക്ഷണം,കുടിവെള്ളം എന്നിവയുടെ കാര്യത്തില്‍ എത്ര നിഷ്‌കര്‍ഷ വെച്ചു പുലര്‍ത്തിയാലും പെട്ടു പോകുന്ന ചില ഘട്ടങ്ങളുണ്ട്. ചടങ്ങുകളില്‍ ക്ഷണിതാക്കളായി ചെല്ലുമ്പോള്‍ അവിടെ നിന്നും കിട്ടുന്ന ഭക്ഷണം മര്യാദയുടെ പേരില്‍ കഴിക്കേണ്ടി വരുന്നു.. ചൂടുവെള്ളവും പച്ച വെള്ളവും മിക്‌സ് ചെയ്താണ് പലയിടത്തും കുടിക്കാന്‍ നല്‍കുക. വെല്‍കം ഡ്രിങ്ക് എന്ന് പറഞ്ഞ് നല്‍കുന്ന സാധനം എന്ത് വെള്ളത്തില്‍ ഉണ്ടാക്കുന്നു എന്ന് ആര്‍ക്കും അറിയില്ല. ഉപയോഗിക്കുന്ന ഐസിന്റെ കാര്യവും വ്യത്യസ്തമല്ല. കലാപരമായി മുറിച്ച് അലങ്കരിച്ചു വെക്കുന്ന സാലഡുകള്‍ പലപ്പോഴും കഴുകാതെയാണ് മുറിക്കുന്നത് എന്നതാണ് വാസ്തവം.
വെറും നൂറില്‍ താഴെ ഷിഗല്ല ബാക്ടീരിയ ഒരു വ്യക്തിയുടെ ശരീരത്തിനുള്ളില്‍ കടന്നാല്‍ തന്നെ ഈ രോഗാണുബാധയുള്ള സാധ്യത വളരെയധികമാണ്.
കുടലിനുള്ളില്‍ പ്രവേശിച്ചതിനു ശേഷം കുടലിലെ ശ്ലേഷ്മസ്തരത്തിനുള്ളിലേക്ക് നുഴഞ്ഞുകയറുന്ന ഈ ബാക്ടീരിയകള്‍ അവിടെ കോശങ്ങള്‍ക്കുള്ളില്‍ വച്ചുതന്നെ പെറ്റുപെരുകുകയും, ചില വിഷപദാര്‍ത്ഥങ്ങള്‍ (ShET1, ShET2, Shigatoxin) ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. അവയുടെ പ്രവര്‍ത്തനം കുടലിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും, കുടലിലെ സ്തരത്തിന്റെ ഏറ്റവും മുകള്‍ഭാഗം അഴുകി മലത്തോടൊപ്പം പുറത്തേക്ക് പോകുന്നതിന് കാരണമാകുന്നു, ഇതാണ് ഡിസെന്റ്രി (മലത്തോടൊപ്പം രക്തവും ഞോളയും പഴുപ്പും പുറത്തേക്ക് പോകുന്നു ) എന്ന അവസ്ഥയ്ക്ക് കാരണം.
രോഗാണു ശരീരത്തിനുള്ളില്‍ കടന്ന് പരമാവധി ഏഴു ദിവസത്തിനുള്ളില്‍ തന്നെ ( സാധാരണയായി രണ്ടാം ദിനം തന്നെ ) രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ വയറിളക്കം, അതിസാരം, പനി, ഓക്കാനം, ചര്‍ദ്ദില്‍, വയറുവേദന, ദഹനക്കുറവ്, പുറത്തേക്കൊന്നും പോകാന്‍ ഇല്ലാതിരിക്കുന്ന അവസ്ഥയില്‍ പോലും തുടരെത്തുടരെ കക്കൂസില്‍ പോകണമെന്ന തോന്നല്‍ എന്നിവയാണ്.
രോഗ സങ്കീര്‍ണതകള്‍
തുടര്‍ച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിര്‍ജ്ജലീകരണം ”ഷോക്ക്” എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളില്‍ ജന്നി (seizures ) വരാനുള്ള സാധ്യതയും അധികമാണ്. തുടര്‍ച്ചയായ വയറിളക്കം റെക്ടല്‍ പ്രൊലാപ്‌സിലേക്ക് (വന്‍കുടലിന്റെ ഉള്ളിലെ ശ്ലേഷ്മസ്തരം മലദ്വാരത്തിലൂടെ പുറത്തേക്ക് തള്ളി ഇറങ്ങുന്ന അവസ്ഥ) നയിച്ചേക്കാം.
കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം അപൂര്‍വം ചില ആളുകളില്‍ ഈ രോഗം ഹീമോലിറ്റിക് യൂറീമിക് സിന്‍ഡ്രോം എന്ന അവസ്ഥയിലേക്ക് (രക്തത്തിലെ ചുവന്ന രക്താണുക്കളുടെയും പ്ലേറ്റ്‌ലെറ്റുകളുടെയും എണ്ണത്തില്‍ ക്രമാതീതമായ കുറവുണ്ടാകുന്നു) നയിക്കുന്നത് വഴി വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.
മറ്റുചിലരില്‍ വന്‍കുടലിന്റെ ചലനശേഷി നഷ്ടപ്പെട്ട് അതിനുള്ളില്‍ രോഗാണു പെറ്റു പെരുകി, പൊട്ടി പഴുപ്പ് വയറിനു ഉള്ളിലേക്ക് ബാധിച്ച് peritonitis എന്ന അവസ്ഥയിലേക്കു നയിക്കാം.
ഷിഗെല്ല എര്‍സെഫലൈറ്റിസ്-ഷിഗെല്ല രോഗാണു ഉണ്ടാക്കുന്ന ഒരു ടോക്‌സിന്‍ തലച്ചോറിനെ ബാധിക്കുന്നതിനാല്‍ അപസ്മാരം, പൂര്‍ണ്ണ ബോധമില്ലായ്മ, അബോധാവസ്ഥ എന്നീ പ്രശ്‌നങ്ങളുണ്ടാകുന്നു. അപൂര്‍വ്വമായി ഇത് വളരെ മാരകമാകുന്നു. എകിരി സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ അവസ്ഥ മൂലം എല്ലാ വര്‍ഷവും ഏതാനും കുട്ടികള്‍ മരണപ്പെടാറുണ്ട്. ചികില്‍സിച്ച് ഭേദമാക്കാന്‍ വളരെ വിഷമമുള്ള ഈ അവസ്ഥ പക്ഷേ വരാതെ നോക്കാന്‍ എളുപ്പമാണ്.
പ്രതിരോധം
ഈ അസുഖത്തിന് എതിരെ ഒരു വാക്‌സിന് വേണ്ടിയുള്ള ശ്രമം ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെങ്കിലും അത് ഇതുവരെ യാഥാര്‍ത്ഥ്യമാക്കപ്പെട്ടിട്ടില്ല. ഷിഗല്ലയുടെ പ്രതിരോധത്തിനായി വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്.
1. കൈകള്‍ ഇടയ്ക്കിടെ വൃത്തിയായി കഴുകി സൂക്ഷിക്കുക.
2. ചെറിയ കുട്ടികള്‍ കൈ കഴുകുമ്പോള്‍ മുതിര്‍ന്നവര്‍ ഒരു മേല്‍നോട്ടം വഹിക്കുക.
3. രോഗിയുടെ മലവും മറ്റു വിസര്‍ജ്ജ്യങ്ങളും പറ്റിയ തുണികള്‍ വേണ്ടത്ര അവധാനതയോടെ കൈകാര്യം ചെയ്യുക.
4. അണുനാശിനികള്‍ ഉപയോഗിച്ച് രോഗികളുടെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക.
5. വയറിളക്കം ഉള്ള വേളകളില്‍ നിങ്ങള്‍ പാചകം ചെയ്യുന്നതില്‍ നിന്നും, ആഹാരപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കുക
6. വയറിളക്കം ഉള്ള സമയങ്ങളില്‍ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പറഞ്ഞയയ്ക്കാതെ വീട്ടില്‍ തന്നെ സംരക്ഷിക്കുക.
7. പൊതു കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നും സ്വിമ്മിംഗ് പൂളുകളില്‍ നിന്നും വെള്ളം വയറ്റിനുള്ളില്‍ ചെല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.
8. കുടിവെള്ളം തിളപ്പിച്ചാറിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
9. ആഹാരം പാചകം ചെയ്യുന്നതിനും പാത്രങ്ങള്‍ കഴുകുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക.
10. കൃത്യമായ ഇടവേളകളില്‍ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുക.
11. അതാത് കാലഘട്ടങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക.
രോഗനിര്‍ണയം
പ്രധാനമായും മേല്‍സൂചിപ്പിച്ച രോഗലക്ഷണങ്ങളില്‍ നിന്നാണ് ഈ രോഗം തിരിച്ചറിയപ്പെടാറുള്ളത്. സംശയമുള്ള രോഗികളുടെ മലത്തിന്റെ കള്‍ച്ചര്‍ പരിശോധനയിലൂടെ ഈ രോഗാണുവിനെ തിരിച്ചറിയുന്നതാണ് ഇതിന്റെ സ്ഥിരീകരണ പരിശോധന. പക്ഷേ കണ്ടെത്തപ്പെടുന്ന രോഗബാധയെക്കാള്‍ 10 ഇരട്ടിയിലധികം രോഗവാഹകര്‍ സമൂഹത്തില്‍ ഉണ്ട്.
ചികിത്സ
രോഗബാധിതരില്‍ ബഹുഭൂരിഭാഗവും അഞ്ചുമുതല്‍ ഏഴു ദിവസത്തിനുള്ളില്‍ തന്നെ സ്വാഭാവികമായും രോഗത്തില്‍ നിന്ന് രക്ഷ നേടുന്നതാണ്. എന്നാല്‍ വയറിളക്ക രോഗബാധിതരില്‍ പനിയോ, മലത്തിലൂടെ രക്തം പോകുന്ന അവസ്ഥയോ വയറുവേദനയോ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടതാണ്. പൊതുവെ രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന എയ്ഡ്‌സ്/കാന്‍സര്‍ ബാധിതര്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ കൂടുതല്‍ കരുതലോടെ ഈ രോഗത്തെ സമീപിക്കേണ്ടതാണ്.
ഏതൊരു വയറിളക്കരോഗത്തെയും പോലെ, നിര്‍ജലീകരണം തടയുക എന്നത് ഈ അസുഖത്തിന്റെ ചികിത്സയിലും പ്രഥമശ്രദ്ധ അര്‍ഹിക്കുന്നു. ഒ ആര്‍ എസ് ലായനി ഉപയോഗിച്ചും, തീവ്രത കൂടുന്നതനുസരിച്ച് സിരകള്‍ വഴി ഡ്രിപ്പായും അതു നല്‍കുന്നു. രോഗാവസ്ഥ നീണ്ടുപോകാന്‍ കാരണമാകും എന്നതിനാല്‍ വയറിളക്കം കുറയ്ക്കാനുള്ള മരുന്നുകള്‍ സാധാരണ ഉപയോഗിക്കാറില്ല. സാധാരണ വയറിളക്കരോഗങ്ങളെ അപേക്ഷിച്ച് ഷിഗെല്ല ഭക്ഷണവസ്തുക്കള്‍ ആഗിരണം ചെയ്യാനുള്ള കുടലിന്റെ കഴിവിനെ കൂടുതലായി നശിപ്പിക്കുന്നു. ഇക്കാരണത്താല്‍, ഷിഗെല്ലൊസിസ് ബാധിച്ച കുട്ടിയുടെ ആഹാരക്രമത്തില്‍ പ്രത്യേകശ്രദ്ധ ആവശ്യമാണ്. സിങ്ക്, വൈറ്റമിന്‍ എ (ആവശ്യമെങ്കില്‍) എന്നിവ നല്‍കേണ്ടതാണ്. രോഗാണുവിനെതിരെ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാണ്. കള്‍ച്ചര്‍ പരിശോധനാഫലം അനുസരിച്ച് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുളില്‍ മാറ്റം വരാം. അസുഖം ബാധിച്ച കുഞ്ഞിന് മുലപ്പാല്‍ തുടരുന്നത് അത്യാവശ്യമാണ്. രോഗത്തോടൊപ്പം സംഭവിച്ചേക്കാവുന്ന സങ്കീര്‍ണതകളിലേക്ക് പോയിക്കഴിഞ്ഞാല്‍ ഒരു ആധുനിക സംവിധാനമുള്ള ആശുപത്രിയില്‍ കിടത്തിച്ചികിത്സ തന്നെ വേണ്ടി വന്നേക്കാം.
കേരളം
കേരളത്തില്‍ കോഴിക്കോട് മലപ്പുറം വയനാട് തിരുവനന്തപുരം ജില്ലകളിലാണ് ഇതുവരെ ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ നാല് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
അടുത്തകാലത്തായി നമ്മുടെ ആരോഗ്യവകുപ്പ് അടിസ്ഥാന രോഗപ്രതിരോധത്തിനായി നടത്തിപ്പോരുന്ന വാക്‌സിനേഷന്‍, കിണറുകളുടെ ക്ലോറിനേഷന്‍ എന്നിവയ്‌ക്കെതിരെ പ്രചാരണം നടത്തുന്ന ഒരു വലിയ ലോബി തന്നെ ഉയര്‍ന്നു വരുന്നത് പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതാണല്ലോ. മുന്‍പ് കേട്ടുകേള്‍വിയില്ലാത്ത വിധം ഷിഗല്ല പോലുള്ള രോഗങ്ങള്‍ കേരളം പോലൊരു സംസ്ഥാനത്ത് തിരിച്ചുവരുന്നത് ഇവയോടൊപ്പം കൂടി ചേര്‍ത്ത് വായിക്കേണ്ടതാണ്. വെള്ളം തിളപ്പിച്ചു കുടിക്കുന്നത് സ്വാഭാവികമായ ജലത്തിന്റെ ‘ഓജസും ജീവനും നഷ്ടപ്പെടത്തും’ എന്നതുപോലെയുള്ള വികലമായ പ്രചാരണങ്ങളില്‍ വീണുപോകുന്നത് ഇത്തരം രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. ഇത്തരം പ്രചാരകരുടെ ലക്ഷ്യവും ഇതുതന്നെയാണെന്ന് വേണം കരുതുവാന്‍.
ഈ വരുന്ന ഞായറാഴ്ച, ജൂലൈ 29 ആണ് ലോക ഓ. ആര്‍. എസ്. ദിനം ആയി ആചരിക്കുന്നത്. ആ ദിവസമുള്‍പ്പെടുന്ന വാരം ‘വയറിളക്ക രോഗ നിയന്ത്രണ വാരം’ ആയും ആചരിക്കുന്നു.

നിസ്സാരമല്ല അതിസാരം…കുടല്‍ തുരന്നു തിന്നുന്ന ബാക്ടീരിയ എന്ന രീതിയില്‍ ഒക്കെ ഭീതിജനക സന്ദേശങ്ങള്‍…

Posted by Info Clinic on Tuesday, July 24, 2018