ആക്രമിക്കപ്പെട്ട നടിക്ക് ഡബ്ല്യുസിസി ഒരു സഹായവും ചെയ്തില്ലെന്ന് സിദ്ദിഖ്

സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ നടന് സിദ്ദിഖ്.
 | 
ആക്രമിക്കപ്പെട്ട നടിക്ക് ഡബ്ല്യുസിസി ഒരു സഹായവും ചെയ്തില്ലെന്ന് സിദ്ദിഖ്

കൊച്ചി: സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ നടന്‍ സിദ്ദിഖ്. ആക്രമിക്കപ്പെട്ട നടിക്ക് ഡബ്ല്യുസിസി ഒരു സഹായവും ചെയ്തിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ എന്തെങ്കിലും എഴുതി പിടിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സിദ്ദിഖ് പറഞ്ഞു. ആലുവയില്‍ റൂറല്‍ പൊലീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് സിദ്ദിഖ് ഡബ്ല്യുസിസിക്കെതിരെ രംഗത്തെത്തിയത്. എല്ലാവരും നടിക്കൊപ്പമാണ് നില്‍ക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സിദ്ദിഖ് പിന്തുണയ്ക്കുകയും ചെയ്തു. മുമ്പും ദിലീപിനെ അനുകൂലിച്ച് സിദ്ദിഖ് സംസാരിച്ചിരുന്നു.

ഡബ്ല്യുസിസി സമൂഹമാധ്യമത്തില്‍ എന്തെങ്കിലും എഴുതി പിടിപ്പിക്കും. ജനം അത് വിശ്വാസത്തില്‍ എടുക്കും. നടി ആക്രമിക്കപ്പെട്ട് നാലുമാസത്തിന് ശേഷമാണ് അറസ്റ്റിലായ നടന്റെ പേര് പറയുന്നത്. ഇതിന് പിന്നില്‍ ദുരൂഹതയുണ്ട്. നടന്‍ കുറ്റവാളിയാണെന്ന് കോടതി പറയുകയാണെങ്കില്‍ മാത്രം ആ രീതിയില്‍ കണ്ടാല്‍ മതി. നടിക്കുവേണ്ടി നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ ചാനല്‍ ചര്‍ച്ചകളില്‍ മാത്രമേ രംഗത്ത് വരൂ. അവര്‍ക്കൊരു ആശ്വാസമായിക്കൊളളട്ടെ എന്ന് കരുതി സംസാരിക്കുന്നതാണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്.

സ്വന്തം പ്രശസ്തിക്ക് വേണ്ടിയും ചാനല്‍ ചര്‍ച്ചയില്‍ ചിലര്‍ വിഡ്ഢിത്തം പറയുന്നുണ്ട്. നടിക്കൊപ്പം നില്‍ക്കില്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നലാണ്. അക്രമമുണ്ടായെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്കുളളില്‍ തന്നെ അമ്മയുടെ ഭാരവാഹി എന്ന നിലയിലും സഹപ്രവര്‍ത്തകനെന്ന നിലയിലും മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരില്‍ കണ്ട് സംസാരിച്ചിരുന്നു. തുടര്‍ന്നാണ് മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടിയത്. നടി ഇവരെ തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിയുകയും ചെയ്തിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു.

കേസില്‍ അറസ്റ്റിലായ ദിലീപിനെ അനുകൂലിച്ച് സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനം വിവാദമായിരുന്നു.താര സംഘടനയായ എഎംഎംഎയുടെ സെക്രട്ടരിയായിരിക്കെയാണ് സിദ്ദിഖ് പരസ്യമായി ദിലീപിന് അനുകൂലമായി നിലപാട് എടുത്തത്. ദിലീപിനെ ജയിലില്‍ പോയി സിദ്ദിഖ് കാണുകയും ചെയ്തിരുന്നു.