കെ.എം ബഷീറിന്റെ മരണം; ഫോണ്‍ കാണാതായതില്‍ ദുരൂഹതയെന്ന് സിറാജ് മാനേജ്‌മെന്റ്

ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് സിറാജ് തരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം.ബഷീര് മരിച്ച സംഭവത്തില് പോലീസ് വാദങ്ങള് തള്ളി സിറാജ് മാനേജ്മെന്റ്.
 | 
കെ.എം ബഷീറിന്റെ മരണം; ഫോണ്‍ കാണാതായതില്‍ ദുരൂഹതയെന്ന് സിറാജ് മാനേജ്‌മെന്റ്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് തരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം.ബഷീര്‍ മരിച്ച സംഭവത്തില്‍ പോലീസ് വാദങ്ങള്‍ തള്ളി സിറാജ് മാനേജ്‌മെന്റ്. കെ.എം.ബഷീറിന്റെ ഫോണ്‍ അപകടത്തിന് ശേഷം കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് സിറാജ് മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി പറഞ്ഞു. ഫോണ്‍ നഷ്ടമായി ഒരു മണിക്കൂറിന് ശേഷം ആരോ അത് ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രക്തപരിശോധന വൈകിയത് സംബന്ധിച്ച് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിനെയും അദ്ദേഹം വിമര്‍ശിച്ചു. പരാതിക്കാരനായ സിറാജ് മാനേജരുടെ മൊഴിയെടുക്കാന്‍ വൈകിയതിനാലാണ് രക്തപരിശോധന വൈകിയതെന്നാണ് പോലീസ് കോടതിയില്‍ അറിയിച്ചത്. വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയതിന് ശേഷം മൊഴി നല്‍കാമെന്നാണ് മാനേജര്‍ പറഞ്ഞതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനേജരുടെ മൊഴിയെടുത്തതിന് ശേഷമേ രക്തപരിശോധന നടത്താന്‍ സാധിച്ചുള്ളുവെന്നും പോലീസ് വിശദീകരിക്കുന്നു.

കേസെടുക്കാതെ രക്ത സാമ്പിള്‍ എടുക്കില്ലെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞുവെന്നും എസ്‌ഐ പലതവണ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ അംഗീകരിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ താന്‍ മൊഴി കൊടുത്തത് നാല് മണിക്കാണെന്നും പോലീസ് അത് രേഖപ്പെടുത്തിയ സമയമാണ് 7.17 എന്ന് കാണിക്കുന്നതെന്നും സെയ്ഫുദ്ദീന്‍ ഹാജി പറയുന്നു.

അപകട സമയത്ത് ശ്രീറാമിന് നാക്ക് കുഴയുന്നുണ്ടായിരുന്നുവെന്നാണ് സാക്ഷിമൊഴി. അപകടത്തില്‍ മരണം നടന്നാല്‍ സ്വമേധയാ കേസെടുക്കാന്‍ പോലീസിന് സാധിക്കുമെന്നിരിക്കെയാണ് വിചിത്രമായ ന്യായവാദങ്ങള്‍ പോലീസ് നിരത്തുന്നത്.