മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശിവശങ്കര്‍ കസ്റ്റഡിയില്‍

ഹൈക്കോടതി മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ എം.ശിവശങ്കര് കസ്റ്റഡിയില്.
 | 
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശിവശങ്കര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ എം.ശിവശങ്കര്‍ കസ്റ്റഡിയില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്ത് അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ആയുര്‍വേദ ആശുപത്രിയില്‍ എത്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി. സ്വര്‍ണ്ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലുമായിരുന്നു ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നല്‍കിയിരുന്നത്.

സ്വാധീന ശക്തിയുള്ള ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കര്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകള്‍ കസ്റ്റംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെയാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുക്കാനുള്ള തടസം നീങ്ങിയത്.

ശിവശങ്കര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും അതിനാല്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദമാണ് എന്‍ഫോഴ്‌സ്‌മെന്റും കോടതിയില്‍ ഉന്നയിച്ചത്. കസ്റ്റംസും ശിവശങ്കറിന് ഉടന്‍ തന്നെ സമന്‍സ് നല്‍കിയേക്കുമെന്നാണ് സൂചന.