മാലിയിലെ ജയിലിൽ റുബീന; സോഷ്യൽ മീഡിയ ഇടപെടുന്നു

കേസിൽപ്പെട്ട് മാലി ജയിലിൽ കഴിഞ്ഞ ജയചന്ദ്രൻ മൊകേരിയുടെ മോചനത്തിന് സോഷ്യൽ മീഡിയ വൻ സ്വാധീനമാണ് ചെലുത്തിയത്. അതിന്റെ തുടർച്ചയായി, മാലി കല്യാണത്തിന്റെ ഇരയായ യുവതിയുടെ മോചനത്തിനായും സോഷ്യൽ മീഡിയ മുന്നിട്ടിറങ്ങുകയാണ്.
 | 

മാലിയിലെ ജയിലിൽ റുബീന; സോഷ്യൽ മീഡിയ ഇടപെടുന്നുകൊച്ചി: കേസിൽപ്പെട്ട് മാലി ജയിലിൽ കഴിഞ്ഞ ജയചന്ദ്രൻ മൊകേരിയുടെ മോചനത്തിന് സോഷ്യൽ മീഡിയ വൻ സ്വാധീനമാണ് ചെലുത്തിയത്. അതിന്റെ തുടർച്ചയായി, മാലി കല്യാണത്തിന്റെ ഇരയായ യുവതിയുടെ മോചനത്തിനായും സോഷ്യൽ മീഡിയ മുന്നിട്ടിറങ്ങുകയാണ്. റുബീന എന്ന യുവതിയുടെ കേസിലെ ഇടപെടലുകൾക്കായി കൂട്ടായ്മ രൂപീകരിച്ചു കഴിഞ്ഞു. മാലി ജയിലിൽ നിന്ന് മോചിതനായ ജയചന്ദ്രൻ മൊകേരിയാണ് റുബീനയെ മാലി ജയിലിൽ കണ്ട അവസ്ഥയേക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയത്. ഇദ്ദേഹം ജയിലിൽ വെച്ച് റുബീനയുമായി രണ്ട് തവണ സംസാരിച്ചിരുന്നു. കേസിൽ സജീവമായ ഇടപെടലുകൾ നടത്തുന്നതിന് നാട്ടുകാർ കർമ്മ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

വർക്കല ഇടവ ഓടയത്ത് പീടികയിൽ വടക്കേതിൽ ബുർഹാനുദ്ദീന്റെയും ഷഫീഖാ ബീവിയുടെയും മകളാണ് റുബീന. മാലിദ്വീപ് സ്വദേശിയായ ഹസ്സൻ ജാബിറാണ് റുബീനയെ വിവാഹം കഴിച്ചത്. 2008 ജൂലൈ 28നായിരുന്നു റുബീനയുടെയും ഹസ്സൻ ജാബിറിന്റെയും വിവാഹം. എന്നാൽ 2010ൽ നാട്ടിൽവന്ന റുബീനയെ താൻ പിന്നീട് കണ്ടിട്ടില്ലെന്ന് അവരുടെ മാതാവ് പറയുന്നു.

റുബീനയും ഹസ്സൻ ജാബിറും തമ്മിൽ ഒരു ദിവസം വാക്കേറ്റമുണ്ടായിരുന്നു. അടുത്ത ദിവസം പത്തുമാസമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ, കുഞ്ഞിന് വിഷം കൊടുത്ത ശേഷം ഭാര്യ സ്വയം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന പരാതി ഹസ്സൻ ജാബിർ പോലീസിൽ നൽകി. തുടർന്നാണ് റുബീന ജയിലിലായത്. മൂന്ന് വർഷത്തിലേറെയായി വിചാരണ പോലുമില്ലാതെ റുബീന ജയിലിൽ കഴിയുകയാണ്. മാലി എംബസിക്ക് കത്തയച്ചതിനാൽ മകൾക്ക് വീട്ടിലേക്ക് ഫോൺ ചെയ്യാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും എല്ലാ രണ്ടാമത്തെ ഞായറാഴ്ചയും മൂന്നുമിനിറ്റ് സംസാരിക്കുമെന്നും ഷഫീഖാ ബീവി പറഞ്ഞു.