നീതി ലഭിക്കാതെ പിന്നോട്ടില്ല: റോജിയുടെ കുടുംബം

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റോജി റോയി എന്ന നേഴ്സിംഗ് വിദ്യാർത്ഥിക്ക് വേണ്ടിയുള്ള പ്രചാരണങ്ങൾ സോഷ്യൽ മാധ്യമങ്ങളിൽ തുടരുകയാണ്. ഇതിനിടെയിൽ നാട്ടുകാർ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിൽ വലിയതോതിലുള്ള പ്രതിഷേധ സമരങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കൺവീനറായ ആക്ഷൻ കൗൺസിലിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും മതപുരോഗിതരും ഉൾപ്പെടുന്നു.
 | 
നീതി ലഭിക്കാതെ പിന്നോട്ടില്ല: റോജിയുടെ കുടുംബം


തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റോജി റോയി എന്ന നേഴ്‌സിംഗ് വിദ്യാർത്ഥിക്ക് വേണ്ടിയുള്ള പ്രചാരണങ്ങൾ സോഷ്യൽ മാധ്യമങ്ങളിൽ തുടരുകയാണ്. ഇതിനിടെയിൽ നാട്ടുകാർ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിൽ വലിയതോതിലുള്ള പ്രതിഷേധ സമരങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കൺവീനറായ ആക്ഷൻ കൗൺസിലിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും മതപുരോഗിതരും ഉൾപ്പെടുന്നു.

റോജിയുടെ മരണത്തിൽ തളർന്ന് പോയ കുടുംബവും നീതിക്കായി പോരാടാൻ തീരുമാനമെടുത്തു കഴിഞ്ഞു. സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ വെളിപ്പെടും വരെ പിന്നോട്ടില്ലെന്ന് റോജിയുടെ അർദ്ധ സഹോദരൻ ന്യൂസ്‌മൊമന്റ്‌സിനോട് പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കൾക്ക് സംസാരിക്കാനും കേൾക്കാനും കഴിയില്ല എന്നതിനാലാണ് അർദ്ധ സഹോദരനായ സിബിരാജിനെ ന്യൂസ് മൊമന്റ്‌സ് അഭിമുഖം ചെയ്തത്. റോജിയുടെ ഇളയ സഹോദരന് 14 വയസ് പ്രായമേയുള്ളു. അതിനാൽ ആ കുടുംബത്തിന് വേണ്ടി റോജിയുടെ പിതാവിന്റെ ജേഷ്ഠ പുത്രനായ സിബിരാജ് സംസാരിക്കുന്നു. മരണത്തിന് പിന്നിലെ ദുരൂഹതകളേക്കുറിച്ചുള്ള നിരവധി സംശയങ്ങളാണ് സിബിരാജ് ഉന്നയിക്കുന്നത്.

നീതി ലഭിക്കാതെ പിന്നോട്ടില്ല: റോജിയുടെ കുടുംബംനിങ്ങൾ ഈ സംഭവം എങ്ങനെയാണ് അറിഞ്ഞത്. ആരാണ് നിങ്ങളെ വിളിച്ചത്?

റോജി മരിക്കുന്നതിന് മുൻപേ തന്നെ ഹോസ്റ്റൽ നമ്പറിൽ നിന്നും ഒരു കോൾ വന്നിരുന്നു. അമ്മയ്ക്ക് ചെവി കേൾക്കാത്തതിനാൽ ആന്റിമാരെയാണ് ആവശ്യങ്ങൾക്കായി വിളിക്കുക. ഒരാന്റി തന്നെയാണ് അന്നും ഫോണെടുത്തത്. ഹോസ്റ്റൽ വാർഡനായിരുന്ന വിളിച്ചത്. ഹോസ്റ്റലിൽ ചെറിയ പ്രശ്‌നമുണ്ടെന്നും റോജിയുടെ മാതാപിതാക്കൾ ഉടൻ തന്നെ എത്തണമെന്നും അവർ പറഞ്ഞു. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചെങ്കിലും പറയാൻ അവർ കൂട്ടാക്കിയില്ല.

10.30-ഓടെ റോജി തന്നെ ആന്റിയെ വിളിച്ചു. ശോഭ എന്ന പേരുള്ള ആന്റിയെയാണ് വിളിച്ചത്. അമ്മ പുറപ്പെട്ടോ എന്നറിയാനായിരുന്നു ആ കോൾ. അമ്മയും മുത്തശ്ശിയും ഹോസ്റ്റലിലേക്ക് പുറപ്പെട്ടിട്ട് കുറച്ച് നേരമായെന്നും ഉടൻ അവിടെയെത്തുമെന്നും റോജിയോട് പറഞ്ഞു. പ്രശ്‌നം എന്താണെന്ന് ചോദിച്ചെങ്കിലും ഹോസ്റ്റലിലെ ചെറിയ പ്രശ്‌നമാണെന്നായിരുന്നു മറുപടി.

പിന്നീടെപ്പോഴായിരുന്നു ഇത്തരത്തിൽ കാര്യങ്ങൾ മാറിയത്?

അമ്മയും മുത്തശ്ശിയും ഹോസ്റ്റലിൽ എത്തും മുൻപേ തന്നെ ആശുപത്രി അധികൃതരുടെ മറ്റൊരു കോൾ വന്നു. അമ്മയും മുത്തശ്ശിയും അവിടേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് മറുപടി നൽകി. പിന്നീടവർ മുത്തശ്ശിയുടെ കയ്യിലുള്ള മൊബൈലിൽ വിളിച്ചു. നിങ്ങൾ ഹോസ്റ്റലിലേക്ക് വരേണ്ടെന്നും ഉള്ളൂർ ഇറങ്ങണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് ഉള്ളൂർ ഇറങ്ങിയ ഇവരെ ആശുപത്രി അധികൃതർ വന്ന് ഒരു വാഹനത്തിലാണ് കൂട്ടിക്കൊണ്ട് പോയത്. റോജിക്ക് എന്തോ അപകടം സംഭവിച്ചു എന്ന നിലയിലായിരുന്നു അധികൃതരുടെ വിശദീകരണം.

ആശുപത്രി അധികൃതർ പിന്നീട് പറഞ്ഞതെന്താണ്?

ഹോസ്റ്റലിന്റെ സ്‌റ്റെപ്പിൽ വച്ച് ഒരു കുട്ടിയോട് റോജി പേര് ചോദിച്ചെന്നും അത് ജൂനിയർ വിദ്യാർത്ഥികളുടെ പരാതിയിലേക്ക് നയിച്ചു എന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്. മുഴുവൻ പേരും എന്താ പറയാത്തതെന്ന് ചോദിച്ച് റോജി ദേഷ്യപ്പെട്ടതായാണ് പരാതി ലഭിച്ചതത്രേ. ഇതേക്കുറിച്ച് ഹോസ്റ്റൽ വാർഡൻ റോജിയെ വിളിച്ച് ചോദിച്ചു. ഇതിന് ശേഷമായിരുന്നു വീട്ടിലേക്ക് ഫോൺ ചെയ്തതെന്ന് കരുതുന്നു.

രക്ഷിതാക്കൾ അവിടേക്ക് തിരിച്ചിട്ടുണ്ടെന്ന് അറിഞ്ഞ ശേഷവും പരാതി പ്രിൻസിപ്പലിന്റെ മുന്നിലേക്ക് എത്തുകയായിരുന്നു. എന്തിനായിരുന്നു മാനേജ്‌മെന്റിന് ഇത്ര തിടുക്കം. മാതാപിതാക്കൾ എത്തും മുൻപ് റോജിയിൽ നിന്ന് എന്ത് വിശദീകരണമാണ് അവർ എഴുതി വാങ്ങാൻ ശ്രമിച്ചത്? എന്നിങ്ങനെയുള്ള കാര്യങ്ങൾ ദുരൂഹമാണ്. റോജി മരിച്ചതിന് ശേഷമാണ് ജൂനിയർ വിദ്യാർത്ഥികളിൽ നിന്നും പരാതി എഴുതി വാങ്ങിയതെന്ന് ഞങ്ങൾക്ക് സംശയമുണ്ട്. റോജിയുടെ ബന്ധുക്കൾ വന്നപ്പോൾ ആശുപത്രിയുടെ മറ്റൊരു വശത്ത് കൂടിയാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. എല്ലാ കാര്യങ്ങളും ആശുപത്രി അധികൃതരോട് നിയന്ത്രണത്തിലായിരുന്നു.

ഡി.വൈ.എഫ്.ഐ, സി.പി.എം, ബി.ജെ.പി, യുവമോർച്ചാ പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ സമരം ആരംഭിച്ചതോടെയാണ് വിഷയം ഗൗരവത്തിലെത്തിയത്. ആശുപത്രി മനേജ്‌മെന്റിന്റെ പ്രവർത്തനങ്ങളെല്ലാം ദുരൂഹമായിരുന്നു. പത്താംനിലയിൽ നിന്നും വീണ റോജി വീഴ്ചയിൽത്തന്നെ മരിച്ചിരുന്നു എന്നാണ് ചിലരിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയ വിവരം. എന്നാൽ അത്യാസന നിലയിലാണ് എന്ന് പറഞ്ഞ് വൈകിട്ട് ആറ് മണിവരെ സ്വന്തം ആശുപത്രിയിലെ വെന്റിലേറ്ററിൽ അവർ കുട്ടിയെ സൂക്ഷിച്ചു. ഇതിനിടെ അവിടെയെത്തിയ ബന്ധുക്കളെയാരെയും വെന്റിലേറ്ററിനകത്തേക്ക് കടത്തി വിട്ടില്ല. ദൂരെ നിന്ന് കാണാൻ മാത്രം അനുവദിച്ചു. വൈകിട്ട് മോർച്ചറിയിലേക്ക് മാറ്റും മുൻപാണ് ബന്ധുക്കൾക്ക് അടുത്ത് നിന്ന് റോജിയെ കാണാനായത്.

പിറ്റേന്ന് രാവിലെ പോലീസ് ഇൻക്വിസ്റ്റ് തയ്യാറാക്കുന്നതിലും വലിയ തിരിമറികൾക്കാണ് ശ്രമം നടന്നത്. ശരിയായ കാരണം അറിയാതെ മൃതദേഹം കൊണ്ട് പോകാൻ തയ്യാറാകില്ലെന്ന് പറഞ്ഞ ബന്ധുക്കളെ പോലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. ഇൻക്വിസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടാഞ്ഞിട്ടും മൃതദേഹം പോലീസിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. എല്ലാക്കാര്യത്തിലും അനാവശ്യമായ തിടുക്കമായിരുന്നു കിംസ് അധികൃതരും പോലീസും പ്രകടിപ്പിച്ചത്.

മെഡിക്കൽ കോളജിലും ഞങ്ങൾ പ്രതിഷേധിച്ചു. അവിടെയെത്തിയ ഡി.വൈ.എഫ്.ഐ നേതാക്കൾ വിഷയത്തിൽ ഇടപെട്ടതോടെ അസിസ്റ്റന്റ് കമ്മീഷണറും ഡപ്യൂട്ടി തഹസിൽദാറും മോർച്ചറിയിലെത്തി മറ്റൊരു ഇൻക്വിസ്റ്റ് തയ്യാറാക്കുകയായിരുന്നു. ഇതിൽ ഒപ്പിടതോടെയാണ് പോസ്റ്റ്‌മോർട്ടം നടന്നത്.

സെമസ്റ്റർ പരീക്ഷ തീരുന്നതിന്റെ തലേദിവസമായിരുന്ന സംഭവം. സ്റ്റഡി ലീവിന്റെ സമയത്ത് കോളേജിൽ ആരുമില്ലാതിരുന്നപ്പോൾ റോജിയെ പ്രിൻസിപ്പൽ വിളിച്ച് വരുത്തിയത് എന്തിനായിരുന്നു? ഒപ്പം വന്ന ഹോസ്റ്റൽ വാർഡനെ ഇടക്ക് തിരിച്ചയച്ചതിന്റെ കാരണമെന്ത്? ആർക്കും പ്രവേശനമില്ലാത്തതെന്ന് പറയപ്പെടുന്ന പത്താം നിലയിലേക്ക് റോജി എങ്ങനെ പ്രവേശിച്ചു? ഒരു കസേര വച്ച് വച്ച് അതിൽ കയറി ജനലിലൂടെ ചാടി എന്നാണ് പറയുന്നത്. ആ കസേര എവിടെ നിന്ന് വന്നു? ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.

എങ്ങനെയാണ് റോജി മരിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത് ?

പ്രിൻസിപ്പലിന്റെ മുറിയിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയായിരുന്നു എന്നാണ് അവർ പറയുന്നത്. വിശദീകരണം എഴുതി തരണമെന്ന് പറഞ്ഞപ്പോൾ അതിന് വേണ്ടി ആറാം നിലയിലെ ലൈബ്രറിയിലേക്ക് റോജി പോയെന്നും, നേരെ പത്താം നിലയിലേക്ക് പോയി ചാടി എന്നുമാണ് വിശദീകരണം.

ഇത്തരമൊരു വിശദീകരണം ആവശ്യമെങ്കിൽ രക്ഷിതാക്കൾക്ക് മുന്നില്ലല്ലേ അത് എഴുതേണ്ടത്. അവർ എത്തും മുൻപ് എന്തായിരുന്നു ഇത്ര ധൃതി? ഇനി അങ്ങനെ എഴുതുകയാണെന്ന് തന്നെ കരുതുക. പ്രിൻസിപ്പലിന്റെ മുറിയിൽ ഒരു പേപ്പർ ഇല്ലായിരുന്നു എന്നത് വിശ്വസിക്കണോ? ലൈബ്രറിയിലാണോ സാധാരണ പേപ്പർ നൽകുക?

മാനേജ്‌മെന്റ് പിന്നീട് എന്താണ് ചെയ്തത് ?

റോജിയുടെ ശവസംസ്‌കാര ചടങ്ങിലോ അനുബന്ധ കാര്യങ്ങളിലോ കിംസ് മാനേജ്‌മെന്റിൽ നിന്നും ആരും വരികയോ സഹകരിക്കുകയോ ചെയ്തില്ല. റോജിയുടെ ക്ലാസിൽ പഠിക്കുന്ന കുട്ടികളെ പോലും സംസ്കാര ചടങ്ങിൽ നിന്നും വിലക്കുകയും ചെയ്തു. ഏറ്റവുമടുത്ത ചില സുഹൃത്തുക്കൾ മാത്രമാണ് വന്നത്. ബാക്കിയുള്ളവരെ കോളജിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണി മുഴക്കിയാണ് പിന്തിരിപ്പിച്ചതെന്നും കേൾക്കുന്നു. അധ്യാപകരോ അനാധ്യപകരോ ചടങ്ങുകൾക്ക് എത്തിയിരുന്നില്ല.

ഈ കുട്ടികളാരും റോജിയുടെ ബന്ധുക്കളോട് എന്തെങ്കിലും സംസാരിക്കാൻ ഇനിയും തയ്യാറായിട്ടില്ല. അവരിൽ പലരേയും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പേടി കൊണ്ട് എല്ലാവരും ഒഴിഞ്ഞ് മാറുകയാണ്. ആരാണ് റോജിക്കെതിരെ പരാതി നൽകിയതെന്ന് ചോദിച്ചിട്ട് അതിനും ഉത്തരം ലഭിച്ചിട്ടില്ല. പരാതിയുടെ കോപ്പി വേണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരം നിരവധി പുകമറകളാണ് നീക്കേണ്ടത്.

റോജിയുടെ കുടുംബത്തിന്റെ സ്ഥിതിയെന്താണ്?

അച്ഛനും അമ്മയ്ക്കും കേൾക്കാനോ സംസാരിക്കാനോ കഴിയില്ല. രണ്ട് കുട്ടികളായിരുന്നു. ഇളയത് പതിനാല് വയസ്സുള്ള ഒരാൺകുട്ടിയാണ്. അവൻ പഠിക്കുകയാണ്. പിതാവ് റോയി ജോർജ് എറണാകുളം നേവൽ കാന്റീനിലെ ജീവനക്കാരനാണ്. അമ്മ സജിത ജോലിയ്‌ക്കൊന്നും പോകുന്നില്ല. വീട്ടിലെ എല്ലാ കാര്യങ്ങളിലും മുന്നിൽ നിന്നിരുന്നത് റോജിയായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. പ്ലസ് ടുവിന് ഉയർന്ന മാർക്ക് വാങ്ങിയതിന് സ്‌കൂളിൽ നിന്നും റോജിക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.

നന്നായി പാട്ടു പാടുമായിരുന്ന റോജി ഇടവക പള്ളിയിലെ കാര്യങ്ങളിലെല്ലാം സജീവമായിരുന്നു. അങ്ങനെയൊരു കുട്ടി ഇത്ര നിസാരമായ കാര്യത്തിൽ ആത്മഹത്യ ചെയ്യുമെന്ന് ഞങ്ങൾക്ക് വിശ്വസിക്കാനാകുന്നില്ല.

എന്താണ് മുന്നോട്ടുള്ള പദ്ധതി?

റോജിയുടെ മരണത്തിന്റെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടിൽ ഒരു ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റാണ് അതിന്റെ കൺവീനർ. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് ആക്ഷൻ കൗൺസിൽ പരാതി നൽകിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രിയുടെ ഉത്തരവിനെ തുടർന്ന് കമ്മീഷണർ കേസ് അന്വേഷിക്കുന്നുണ്ട്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സംഭവത്തിന് കാരണക്കാരായവരെ വെളിച്ചത്ത് കൊണ്ടു വരാതെ ഞങ്ങൾ പിൻമാറില്ല. എന്താണ് സംഭവിച്ചതെന്ന് അറിയണം. പോലീസ് അന്വേഷണത്തിൽ നീതി ലഭിക്കുന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇനിയും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. അതുൾപ്പെടെയുള്ള കാര്യങ്ങൾ ലഭിച്ച ശേഷമേ മുൻപോട്ടുള്ള തീരുമാനങ്ങളുണ്ടാകുകയുള്ളു.

സോഷ്യൽ മാധ്യമങ്ങളിലുള്ള പ്രതിഷേധം തുടരുകയാണ്. കൊല്ലം ചിന്നക്കട മുതൽ ബീച്ച് റോഡ് വരെ ഇന്ന് വൈകിട്ട് മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തുന്നുണ്ട്. പല സ്ഥലങ്ങളിലും ഫേസ്ബുക്ക് കൂട്ടായ്മകൾ ഇത്തരം പ്രകടനങ്ങൾ നടത്തുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.