നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില് വിചാരണയ്ക്ക് കൂടുതല് സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി.
 | 
നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി. ആറ് മാസം കൂടി സമയം വേണമെന്ന ആവശ്യവുമായി ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീം കോടതിയെയാണ് സമീപിച്ചത്. കോവിഡ് സാഹചര്യവും ലോക്ക് ഡൗണും മൂലം സുപ്രീം കോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് ജഡ്ജി സുപ്രീം കോടതിയെ അറിയിച്ചു.

ഈ ആവശ്യം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസ് എ.എം.ഖാന്‍വില്‍കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇത് പരിഗണിക്കുന്നത്. 2019 നവംബര്‍ 29നാണ് കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്. ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍കര്‍, ദിനേശ് മഹേശ്വരി എന്നിവരുടെ ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം.

ഈ നിര്‍ദേശം അനുസരിച്ച് മെയ് 29ന് വിചാരണാ നടപടികള്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. ഇതിനിടെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചത് മൂലം വിചാരണ വീണ്ടും വൈകി. ഇതോടെ മെയ് 29ന് വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് പ്രത്യേക കോടതി ജഡ്ജി ഹൈക്കോടതിക്ക് കത്ത് നല്‍കിയിരുന്നു. ഇത് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീം കോടതിക്ക് കൈമാറുകയായിരുന്നു.