ന്യൂസ് 18 അവതാരകന്‍ ശരത്ചന്ദ്രന്‍ കൈരളിയിലേക്ക് മടങ്ങിയെത്തുന്നു; എക്‌സിക്യൂട്ടീവ് എഡിറ്ററായി പുതിയ ചുമതല

ന്യൂസ് 18 ചാനലില് അവതാരകനായിരുന്ന ശരത്ചന്ദ്രന് കൈരളി ന്യൂസിലേക്ക്.
 | 
ന്യൂസ് 18 അവതാരകന്‍ ശരത്ചന്ദ്രന്‍ കൈരളിയിലേക്ക് മടങ്ങിയെത്തുന്നു; എക്‌സിക്യൂട്ടീവ് എഡിറ്ററായി പുതിയ ചുമതല

ന്യൂസ് 18 ചാനലില്‍ അവതാരകനായിരുന്ന ശരത്ചന്ദ്രന്‍ കൈരളി ന്യൂസിലേക്ക്. നേരത്തേ കൈരളി പീപ്പിളില്‍ പ്രൈം ടൈം ചര്‍ച്ചകള്‍ ഉള്‍പ്പെടെ അവതരിപ്പിച്ചിരുന്ന ശരത്ചന്ദ്രന്‍ അവിടെ നിന്ന് ഏഷ്യാനെറ്റിലേക്കും പിന്നീട് ന്യൂസ് 18നിലും എത്തുകയായിരുന്നു. ചാനലില്‍ എഡിറ്ററായിരുന്ന രാജീവ് ദേവരാജ് മീഡിയവണിലേക്ക് പോയതിന് പിന്നാലെയാണ് പ്രധാന അവതാരകരില്‍ ഒരാളായിരുന്ന ശരത്ചന്ദ്രനും ചാനല്‍ വിടുന്നത്. കഴിഞ്ഞ മാസമാണ് ശരത്ചന്ദ്രന്‍ ന്യൂസ് 18ല്‍ നിന്ന് രാജിവെച്ചത്. കൈരളി ന്യൂസില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി ശരത്ചന്ദ്രന്‍ ചുമതലയേല്‍ക്കും.

വാര്‍ത്താ ചാനലുകളുടെ റേറ്റിംഗില്‍ കൈരളി ന്യൂസിന് മുന്‍നിരയിലേക്ക് വരാന്‍ സാധിക്കുന്നില്ലെന്നും സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങളെ പ്രതിരോധിക്കാന്‍ ചാനലിന് കാര്യക്ഷമമായി സാധിക്കുന്നില്ലെന്നും സിപിഎമ്മില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ചാനലില്‍ വരുത്തിയ അഴിച്ചുപണികളുടെ ഭാഗമായാണ് ശരത് തിരികെ ചാനലില്‍ എത്തിയതെന്നാണ് സൂചന. എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന രാജീവ് എടപ്പാള്‍ രാജിവെച്ചതായും വിവരമുണ്ട്.

വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ സിപിഎം മാധ്യമങ്ങളായ കൈരളി ന്യൂസിനെയും ദേശാഭിമാനിയെയും ഉപയോഗിക്കണമെന്ന അഭിപ്രായം സിപിഎം സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൈരളിയിലെ പ്രൈം ടൈം ചര്‍ച്ചകള്‍ ജോണ്‍ ബ്രിട്ടാസ് ആണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ശരത്ചന്ദ്രനും ഇനി ചര്‍ച്ചാ പരിപാടികളുടെ അവതാരകനാകും.